കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം അതിദാരുണമെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായി. ഒരാളെ 18 വെട്ട് വെട്ടി കൊല്ലാന്‍ എങ്ങനെ സാധിക്കുന്നുവെന്നും അവര്‍ ചോദിക്കുന്നു. ഇതിനോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികളേയും അവര്‍ വിമര്‍ശിച്ചു. കൊലപാതകങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും രാഷ്ട്രീയ കക്ഷികള്‍ സമൂഹത്തില്‍ വെറുപ്പ് വളര്‍ത്തുകയാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ഇത്തരം സംഭവങ്ങളെല്ലാം അടിവരയിട്ട് കാണിക്കുന്നത് മാനുഷിക മൂല്യങ്ങള്‍ തകര്‍ന്നുവെന്നാണെന്നും ആലുവായിലെ പ്രഭാഷണ വേളയില്‍ അവര്‍ അഭിപ്രായപ്പെട്ടു.
പെരിയ കല്ലിയോട്ട് സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ കൃപേഷും, ശരത് ലാല്‍ എന്ന ജോഷിയുമാണ് അതി പെെശാചികമായി കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം ഇവരെ തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ ആക്രണമണത്തിലാണ് ശ്യാംലാലും കൃപേഷും കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണം എന്നാണ് റിപ്പോര്‍ട്ട്. ശരത് ലാലിന് കഴുത്തിന്‍റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ശരത്‍ലാലിന് ഏറ്റിട്ടുണ്ട്. അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന രീതിയില്‍ മാരകമായ മുറിവുകളാണ് ശരത് ലാലിന്‍റെ കാലുകളില്‍ ഏറ്റിരുന്നത്.
കൃപേഷിന്‍റെ നെറ്റിയുടെ തൊട്ടുമുകളില്‍ മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റിരിക്കുന്നത്. 11 സെന്‍റീമീറ്റര്‍ നീളത്തിലും രണ്ട് സെന്‍റീമീറ്റര്‍ ആഴത്തിലുമുള്ള വെട്ടേറ്റ് തലയോട് തകര്‍ന്ന് സംഭവസ്ഥലത്തുതന്നെ കൃപേഷ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോരുന്നതിനിടെയാണ് ശരത്‍ലാല്‍ മരിച്ചത്.കൊടുവാള്‍ പോലെയുള്ള ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് നിഗമനം. ആയുധപരിശീലനം ലഭിച്ചവരോ മുമ്ബ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.
കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനുള്‍പ്പടെയുള്ളവര്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.സംഭവത്തില്‍ ഏഴ് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇന്നലെ പൊലീസ് രണ്ട് സിപിഎം അനുഭാവികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്യലിന് വിധേയമാക്കും.
സിപിഎം പ്രാദേശിക നേതൃത്വം കണ്ണൂരില്‍ നിന്നുള്ള ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന.
കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവും മുല്ലപ്പളളിയും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സിപിഎം ജില്ലാ സെക്രട്ടറി അത് നിഷേധിക്കുകയായിരുന്നു.
സിബിഐ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ കേസ് സിബിഐക്ക് കെെമാറാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു.
Post Your Comments