KeralaLatest NewsIndia

വണ്ടിയിടിച്ചാണോ അവര്‍ മരിച്ചത്? രാഹുലിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി

ന്യൂഡല്‍ഹി: കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎമ്മിനെ പരാമര്‍ശിക്കാതെ രാഹുല്‍ അനുശോചനമറിയിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി. വണ്ടിയിടിച്ചാണോ അവര്‍ മരിച്ചതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ചോദിച്ചു. ആരാണ് കൊലപ്പെടുത്തിയതെന്ന് പോലും രാഹുല്‍ പറയുന്നില്ല. രാഷ്ട്രീയ കൊലപാതകമെന്നതും അദ്ദേഹത്തിന്റെ ട്വീറ്റില്‍ ഇല്ല. വണ്ടിയിടിച്ചാണോ അവര്‍ മരിച്ചത്. എന്തിനാണ് രാഹുല്‍ സിപിഎമ്മിനെ സംരക്ഷിക്കുന്നതെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും വ്യക്തമാക്കണം.

സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ സഖ്യത്തിന്റെ ആദ്യത്തെ ബലിയാടുകളാണ് കൊല്ലപ്പെട്ട പ്രവര്‍ത്തകരെന്ന് ദല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. സിപിഎമ്മുമായി സഖ്യത്തിന് തീരുമാനിച്ചതിനാലാണ് കൊലപാതകികളായ സിപിഎമ്മിനെ വിമര്‍ശിക്കാതെ രാഹുല്‍ പ്രതികരിച്ചത്. അധികാരത്തിന് വേണ്ടി സ്വന്തം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് രക്തദാഹികളായ സിപിഎമ്മിന് എറിഞ്ഞുകൊടുക്കുകയാണ്. ബംഗാളിലും ത്രിപുരയിലും കൈകോര്‍ക്കുക, കേരളത്തില്‍ കശാപ്പ് നടത്തുക എന്നതാണ് ഇവരുടെ നയം.

സിപിഎമ്മിനോടുള്ള അമിത വിധേയത്വം പ്രവര്‍ത്തകര്‍ തിരിച്ചറിയണം. ഈ നേതൃത്വത്തിന് തങ്ങളെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ മനസിലാക്കണം. പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണം. ഇതിനെതിരായ രാഷ്ട്രീയമാണ് ഉയര്‍ന്നുവരേണ്ടത്. കേരളത്തിലും സഖ്യമുണ്ടാക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു. കാസര്‍കോട് പഞ്ചായത്തുകളില്‍ ബിജെപിയെ പുറത്താക്കാന്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചിരുന്നു. അധികാരത്തിന് വേണ്ടിയുള്ള അവിശുദ്ധ സഖ്യത്തിന് പ്രവര്‍ത്തകരെ ബലിയാടുകളാക്കുകയാണ്.

കശ്മീരില്‍ ആക്രമണം നടത്തിയ ഭീകരരുമായി ചര്‍ച്ച നടത്തണമെന്ന് പറഞ്ഞ കോടിയേരി കേരളത്തില്‍ ക്രിമിനലുകളെക്കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നു. പിണറായി ഭരണത്തില്‍ സമാന്തര കോടതി സംവിധാനമാണ് സിപിഎം നടപ്പാക്കുന്നത്. സൈനികരെ കൊന്നൊടുക്കുന്ന ഭീകരരുമായി സമാധാനം വേണമെന്ന് പറയുന്ന കോടിയേരി ചുവപ്പന്‍-ജിഹാദി ഭീകരതയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്. ചൈനക്കും പാക്കിസ്ഥാനും വേണ്ടിയുള്ള നിലപാടാണിത്. അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button