Latest NewsKerala

എന്റെ സ്വകാര്യ സന്തോഷങ്ങളും നിമിഷങ്ങളും തിരിച്ചു പിടിയ്ക്കണം : ജീവിതത്തിലെ നല്ല തീരുമാനവുമായി മോഹന്‍ലാല്‍

തൃശൂര്‍: എന്റെ സ്വകാര്യ സന്തോഷങ്ങളും നിമിഷങ്ങളും തിരിച്ചു പിടിയ്ക്കണം . ജീവിതത്തിലെ നല്ല തീരുമാനവുമായി മോഹന്‍ലാല്‍ . അതിനായി താന്‍ വാട്‌സ് ആപ്പ് ഉപേക്ഷിക്കുകയാണ്. ‘എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ പ്രാര്‍ഥിക്കും. അതിനു ശേഷം ഫോണ്‍ നോക്കുമ്പോള്‍ പലപ്പോഴും കാത്തിരിക്കുന്നതു മോശം വാര്‍ത്തകളും ചിത്രങ്ങളുമാകും. സന്തോഷത്തേക്കാള്‍ കൂടുതല്‍ പരിഭവങ്ങളും. കാറിലിരിക്കുമ്പോള്‍ ഞാന്‍ കാഴ്ചകള്‍ കാണുമായിരുന്നു. സ്ഥിരം യാത്ര ചെയ്യുന്ന വഴികളിലെ ഓരോ കെട്ടിടവും മരവും പതിവായി കാണാറുള്ള മനുഷ്യരെയും എനിക്കറിയാമായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോഴാണ് അറിയുന്നത് അതൊന്നും ഏറെക്കാലമായി കാണാറില്ലെന്ന്. വിമാനത്താവളത്തില്‍ പരിചയപ്പെട്ട പലരും പിന്നീട് നല്ല സുഹൃത്തുക്കളായിട്ടുണ്ട്. കുറച്ചു നേരത്തേക്കുമാത്രമായി കണ്ടുമുട്ടുന്നവര്‍പോലും എന്തെല്ലാം വിവരങ്ങളാണു തന്നിരുന്നതെന്നും ഓര്‍ക്കുന്നു. ഇപ്പോള്‍ അവിടെ കാണുന്നവരെല്ലാം തലകുനിച്ചിരിക്കുന്നവരാണ്.

‘ഇപ്പോള്‍ എനിക്കു ധാരാളം സമയമുണ്ട്. രാവിലെ പത്രവായനയുടെ സുഖമുണ്ട്. നേരത്തേയും പത്രവായന ഉണ്ടായിരുന്നെങ്കിലും അതിന്റെ സുഖം തിരിച്ചുകിട്ടിയത് ഇപ്പോഴാണ്. പകല്‍ കാണുന്നു, നിലച്ചുപോയ പുസ്തകവായന തിരിച്ചുവന്നു, എനിക്കു മാത്രമായി എത്രയോ കാര്യങ്ങള്‍ ആലോചിക്കുന്നുണ്ട്’. ‘എന്റെ ജോലിക്കിടയില്‍ മനസ്സു മടുപ്പിക്കുന്ന എത്രയോ സന്ദേശങ്ങള്‍ കിട്ടിയിട്ടുണ്ട്. അതു മനസ്സിനെ വല്ലാതെ വേദനിപ്പിക്കും. ഒരു കൊച്ചുകുട്ടിയെ കട്ടിലിലേക്കു വലിച്ചെറിയുന്ന വിഡിയോ കണ്ട് എങ്ങനെയാണു സന്തോഷത്തോടെ ജോലിചെയ്യുക? എനിക്ക് അടുപ്പമുള്ളവരുമായി സംസാരിക്കാന്‍ വാട്‌സാപ് ആവശ്യമില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കു മെയില്‍ ഉപയോഗിക്കാം. അതിലും ആവശ്യമെങ്കില്‍ വേറെയും സംവിധാനങ്ങള്‍ ആലോചിക്കാം. എന്നില്‍ നിന്നു വലിയ ഭാരം ഇറങ്ങിപ്പോയതുപോലെ തോന്നുന്നു. ഇതാരും പറഞ്ഞിട്ടു ചെയ്തതല്ല, ആരും ചെയ്യണമെന്നു പറയുന്നുമില്ല’ – മോഹന്‍ലാല്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button