![](/wp-content/uploads/2019/02/123.gif)
പത്തനംതിട്ട: പ്രവര്‍ത്തനം തുടങ്ങിയിട്ട് അഞ്ചുവര്‍ഷം പിന്നിടുന്നുവെങ്കിലും സ്വന്തമായി കെട്ടിടമില്ലാതെ ദുരിതത്തില്‍ നില്‍ക്കുകയാണ് ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്. ജില്ലയിലെ ഏക സര്‍ക്കാര്‍ കോളേജാണിത്. ഒരു സ്‌കൂളിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാത്ത കോളേജ് പ്രവര്‍ത്തിക്കുന്നത് ഇലന്തൂര്‍ ജി.എച്ച്.എസ്.എസിന്റെ കെട്ടിടത്തിലാണ്. പക്ഷേ അവിടാകട്ടെ അങ്കണവാടി, ഹയര്‍ സെക്കന്‍ഡറി, കോളേജ് എന്നിവ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കോളേജിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തിയിട്ടും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
2014ലാണ് ഇലന്തൂരില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് തുടങ്ങിയത്. പ്രവര്‍ത്തനം തുടങ്ങി രണ്ടുവര്‍ഷത്തിനുള്ളില്‍ സ്വന്തമായി സ്ഥലവും കെട്ടിടവും അനുവദിക്കാമെന്നാണ് അന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍, വര്‍ഷം അഞ്ചുകഴിഞ്ഞിട്ടും സ്ഥലത്തിന്റയും കെട്ടിടത്തിന്റയും കാര്യത്തില്‍ യാതൊരു തീരുമാനവുമായിട്ടില്ല. കോളേജിനായി ഇലന്തൂര്‍ ജങ്ഷന് സമീപം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ സ്ഥലം നേരത്തെ അനുവദിച്ചതാണ്. ഇതുകൂടാതെ സ്വകാര്യവ്യക്തികള്‍ രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്ന് സമ്മതപത്രവും ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. നിലവില്‍ ഈ സ്ഥലങ്ങളുടെ ഉടമസ്ഥത കോളേജ് എഡ്യുക്കേഷന്‍ ഡയറക്ടറുടെ പേരിലേക്ക് കൈമാറിയെങ്കില്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയൂ. എന്നാലിതിനുള്ള നടപടികള്‍ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നോ റവന്യൂ വകുപ്പില്‍നിന്നോ ഇനിയുമുണ്ടായിട്ടില്ല. കോളേജ് പി.ടി.എ.യും പ്രദേശവാസികളും പലകുറി ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. നിലവില്‍ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി കോളേജിന് കെട്ടിടം നിര്‍മിക്കാന്‍ 20 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ നീണ്ടുപോയാല്‍ അനുവദിച്ച തുകകൂടി നഷ്ടമാവുമോയെന്ന് ആശങ്ക അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ട്.
Post Your Comments