ഡല്‍ഹി: ചരിത്ര സ്മാരകം താജ്മഹല്‍ സംരക്ഷിക്കാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. താജ്മഹല്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ഉള്‍പ്പെടുത്തിയുള്ള ദര്‍ശനരേഖ നാല് ആഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. യമുന നദിയില്‍ നിന്നുള്ള മണല്‍ വാരലും രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റുമാണ് താജ്മഹലിന് ഭീഷണിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കൂടാതെ സന്ദര്‍ശകരുടെ സ്പര്‍ശം കാരണം വെള്ള മാര്‍ബിളിന്റെ തിളക്കം മങ്ങുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പരിസ്ഥിതി മലിനീകരണം മൂലം താജ്മഹല്‍ നിലനില്‍പിനായുള്ള പോരാട്ടത്തില്‍ ആണ്. ചരിത്ര സ്മാരകത്തെ വേണ്ട രീതിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംരക്ഷിക്കാത്തതാണ് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇട നല്‍കിയത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. നേരത്തെ താജ്മഹലിന്റെ സമീപത്തുള്ള പാര്‍ക്കിംഗ് സ്ഥലം മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. പുക മലിനീകരണവും, അതുപോലെയുള്ള മറ്റ് പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിന്നും താജ്മഹലിനെ സംരക്ഷിക്കുന്നതിനാണ് സുപ്രീംകോടതി ഈ നിര്‍ദ്ദേശം നല്‍കിയത്.
Post Your Comments