ന്യൂഡൽഹി: താജ്മഹലിന്റെ 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും ഉടനടി നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ പ്രതിസന്ധിയിലായത് 500 ഓളം കടയുടമകൾ. താജ്മഹലിന്റെ 500 മീറ്റർ ചുറ്റളവിൽ വാണിജ്യ പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആഗ്ര വികസന അതോറിറ്റിയോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. റെസ്റ്റോറന്റുകൾ, വാണിജ്യകേന്ദ്രങ്ങൾ, ഹോട്ടലുകൾ, കോഫീ ഷോപ്പുകൾ, മറ്റ് ബിസിനസ്സ് ഔട്ട്‌ലെറ്റുകൾ തുടങ്ങിയവയെല്ലാം ഈ പ്രദേശത്തുണ്ട്.
1993-ൽ പടിഞ്ഞാറൻ ഗേറ്റിന് സമീപത്ത് നിന്ന് തങ്ങളെ നീക്കം ചെയ്യുകയും എന്നാൽ മറ്റ് വാണിജ്യ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കുകയും ചെയ്തുവെന്നാരോപിച്ച് എഴുപത്തൊന്നോളം കടയുടമകളാണ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. സ്മാരകത്തിന്റെ 500 മീറ്റർ ചുറ്റളവിൽ വാഹന ഗതാഗതത്തിനുള്ള കർശന നിയന്ത്രണങ്ങൾക്കുപുറമെ, നിർമ്മാണ നിരോധിത മേഖലയാണ്. സ്മാരകത്തിന് സമീപം മരം കത്തിക്കുന്നതിനും പ്രദേശത്തുടനീളം മുനിസിപ്പൽ ഖരമാലിന്യങ്ങളും കാർഷിക മാലിന്യങ്ങളും കത്തിക്കുന്നതും മുൻപ് നിരോധിച്ചിരുന്നു. താജ്മഹലിന് സമീപമുള്ള എല്ലാ വാണിജ്യ പ്രവർത്തനങ്ങളും തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിനനുകൂലമായി അമിക്കസ് ക്യൂറിയുടെ വാദങ്ങൾ അംഗീകരിച്ചായിരുന്നു ബെഞ്ച് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
Post Your Comments