ലക്‌നൗ: താജ്മഹലില്‍ നിസ്‌കരിക്കാന്‍ ശ്രമം നടത്തി വിനോദ സഞ്ചാരി. പശ്ചിമ ബംഗാളില്‍ നിന്നുള്ള വിനോദ സഞ്ചാരിയാണ് പായ വിരിച്ച് നിസ്‌കരിക്കാനൊരുങ്ങിയത്. എന്നാല്‍ ഇയാളുടെ ശ്രമം സുരക്ഷസേന ഇടപെട്ട് തടഞ്ഞു. ഡ്യൂട്ടിയിലായിരുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ പ്രാര്‍ത്ഥനയ്ക്കായി പായ വിരിച്ചത് കണ്ടതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
Read Also: 10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്എടി ആശുപത്രി
വീഡിയോ പരിശോധിച്ച് സംഭവം സ്ഥിരീകരിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സീനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് രാജകുമാരന്‍ വാജ്പേയ് പറഞ്ഞു. 2022ല്‍ താജ്മഹല്‍ പരിസരത്ത് നമസ്‌കാരം നടത്തിയതിന് 4 പേര്‍ അറസ്റ്റിലായിരുന്നു.
2018ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം, വെള്ളിയാഴ്ച ഒഴികെ താജ്മഹല്‍ പരിസരത്തുള്ള ഷാഹി പള്ളിയില്‍ പോലും നമസ്‌കാരം അനുവദനീയമല്ല. വെള്ളിയാഴ്ചകളില്‍ ശവകുടീരം സ്ഥിതി ചെയ്യുന്ന താജ്ഗഞ്ച് പ്രദേശത്തെ താമസക്കാര്‍ക്ക് മാത്രമേ ഉച്ചയ്ക്ക് 12 നും 2 നും ഇടയില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവാദമുള്ളൂവെന്ന് എഎസ്ഐ ആഗ്ര സര്‍ക്കിള്‍ രാജ് കുമാര്‍ പട്ടേല്‍ പറഞ്ഞു. ആളുകള്‍ ആഗ്രയില്‍ താമസിക്കുന്നവരാണെന്ന് വ്യക്തമാക്കുന്ന സാധുവായ തിരിച്ചറിയല്‍ രേഖ ഹാജരാക്കണമെന്ന് ജില്ലാ ഭരണകൂടവും ഉത്തരവിട്ടിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
സ്മാരകത്തിന്റെ സംരക്ഷണം പരമപ്രധാനമാണെന്ന് ചൂണ്ടികാട്ടിയാണ് 2018ല്‍ സുപ്രീം കോടതി താജ്മഹലിന്റെ പരിസരത്തുള്ള പള്ളിയില്‍ പുറത്തുനിന്നുള്ളവരുടെ പ്രാര്‍ത്ഥന നിരോധിച്ചത് . ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായതിനാല്‍ താജ്മഹല്‍ സംരക്ഷിക്കപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിയില്‍ ഊന്നിപ്പറഞ്ഞു.
Post Your Comments