തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്കന്റെ അഡീഷണല്‍ സെക്രട്ടറി. മന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയായ ഗോപകുമാര്‍ ആണ് രേണുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആരോടും പ്രതിബന്ധതയില്ലാത്ത ഐഎഎസുകാരിലെ കൊച്ചു മകളാണ് രണേു രാജെന്ന് ഗോപകുമാര്‍ കുറ്റപ്പെടുത്തി. നിയന്ത്രണങ്ങള്‍ കാര്‍ക്കശ്യത്തോടെ നടപ്പിലാക്കി ഭൂമി സംരക്ഷിക്കാമെന്നത് മൂഢ്യം ആണെന്നും ഗോപകുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഗോപകുമാറിന്റെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
മൂന്നാര്‍, പള്ളിവാസല്‍, ചിന്നക്കനാല്‍ മേഖലകളില്‍ നിര്‍മ്മാണനിയന്ത്രണം അനിവാര്യമാണെന്നത് തര്‍ക്കരഹിതമാണ്. അവിടെ എത്തുന്ന മുഴുവന്‍ വിനോദയാത്രികര്‍ക്കും അവിടെത്തന്നെ താമസം, അവിടെത്തന്നെ സകലമാന സൌകര്യങ്ങളും എന്നത് ടൂറിസത്തിന്റെ തന്നെ നിലനില്‍പ്പിനെ തകര്‍ത്തുകളയും. ഈ സമീപനമാണ് കായലിലും കാട്ടിലുമെല്ലാം വേണ്ടത്. വന്നു കണ്ട്, ആസ്വദിച്ച് സൌകര്യമുള്ള സ്ഥലത്തേയ്ക്ക് പോവുക. ഇതാണ് വേണ്ടത്. പക്ഷെ, ചോദ്യം ഇതാണ്. ഈ സമീപനം കൂടുതല്‍ കൂടുതല്‍ ബ്യൂറോക്രാറ്റിക് കാര്‍ക്കശ്യം കൊണ്ട് നടപ്പാക്കാവുന്നതാണോ ?
പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണമെന്നു പറഞ്ഞാല്‍ അവിടുത്തെ മണ്ണും, വെള്ളവും കൃഷിയും മനുഷ്യജീവനും സംരക്ഷിക്കുക എന്നല്ലാതെ മറ്റെന്താണ്. ഇത്ര ലളിതമായ കാര്യം മലയോരത്തെ മനുഷ്യര്‍ക്ക് മനസിലാകാതെ പോകുന്നതെന്താണ്? ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് കേള്‍ക്കുന്നപാടെ മലയോരത്തെ മനുഷ്യര്‍ എന്തിനാണ് വഴക്ക് ഉണ്ടാക്കുന്നത്? അവരെല്ലാം കൊടിയ കൊള്ളക്കാരായതുകൊണ്ടാണോ?
മലയോരത്തെ മനുഷ്യര്‍ ഫോറസ്റ്റ് ബ്യൂറോക്രസിയില്‍ നിന്നും അനുഭവിച്ചുകൂട്ടിയ ദുരിതത്തിന്റെ പ്രതികരണമാണ് ഇതെന്നാണ് എന്റെ മനസിലാക്കല്‍. ഈ ബ്യൂറോക്രസിക്ക് തങ്ങളുടെ ജീവിതം വീണ്ടും തീറെഴുതാന്‍ പോകുന്നൂവെന്ന് തോന്നിയാല്‍ ഈ സാധാരണ മനുഷ്യര്‍ക്ക് പിന്നെ ഒരു പരിസ്ഥിതി സംരക്ഷണവും ബാധകമാകില്ല. അത്രമേല്‍ ഭീതിദതമാണ് ആ ജനത അനുഭവിച്ചുകൂട്ടുന്ന ബ്യൂറോക്രാറ്റിക് കെടുതികള്‍. ജോയിന്റ് ഫോറസ്റ്റ് മാനേജ്‌മെന്റ് നിലവില്‍ വന്നതു മുതല്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലൊക്കെ ഇതിനൊരു മാറ്റം വന്നതു കാണാം. സാധാരണ മനുഷ്യരെ പങ്കാളികളാക്കിക്കൊണ്ടുള്ള വനപാലനവും പരിസ്ഥിതി സംരക്ഷണവും എന്നതായപ്പോള്‍ ചിത്രം പാടെ മാറി.
വീണ്ടും ഒരിക്കല്‍ക്കൂടി ഏകപക്ഷീയമായ ബ്യൂറോക്രാറ്റിക് പരിസ്ഥിതി മേഖലാവല്‍ക്കരണങ്ങളിലേയ്ക്കും നിയന്ത്രണങ്ങളിലേയ്ക്കും തങ്ങളുടെ ജീവിതം എടുത്ത് എറിയപ്പെടാന്‍ പോകുന്നൂവെന്ന ചിന്തയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ മലയോര ജനത അണിനിരക്കുന്നതിന്റെ അടിസ്ഥാന കാരണമെന്ന് നാം മനസിലാക്കണം. അല്ലാതെ പുട്ടിന് പീരയിടുന്നതുമാതിരി ജോയിസ് ജോര്‍ജ്ജ്, രാജേന്ദ്രന്‍ എന്നൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ കാര്യമില്ല. ഇവരൊക്കെ ഒന്നാം ക്ലാസ് ആണെന്നൊന്നും അല്ല.
മലയോരത്താകെ നടന്ന ഈ ബ്യൂറോക്രാറ്റിക് നിയന്ത്രണത്തെ കൂടുതല്‍ കാര്‍ക്കശ്യത്തോടെ ഇടപെടുത്തി ഭൂമി സംരക്ഷിച്ചുകളയാമെന്ന മൌഡ്യമാണ് വേണുരാജിലും വെങ്കിട്ടരാമനിലുമൊക്കെ അവസാന ആശ്രയം കണ്ടെത്തുന്ന പരിസ്ഥിതിവാദികളുടേത്. ഇവര്‍ ആത്യന്തികമായി ജനങ്ങളെ ഈ ലക്ഷ്യങ്ങളില്‍ നിന്നെല്ലാം അകറ്റിക്കൊണ്ടു പോവുകയാകും ഫലം. ജനപ്രതിനിധികള്‍ ജനങ്ങളുടെ വികാരത്തെ മാനിക്കാതെ രേണുരാജിന്റെ കാര്‍ക്കശ്യം കാണിക്കുമെന്ന് കരുതുന്നതില്‍പ്പരം പമ്പരവിഡ്ഢിത്തം വേറെ എന്തുണ്ട്?
ഇപ്പോള്‍ നോക്കിക്കേ, മൂന്നാര്‍ പഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസ്. വിവാദമായ നിര്‍മ്മാണത്തിന് അനുമതി നല്‍കിയത് കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ ജില്ലാ ആസൂത്രണ സമിതി. രേണുരാജിന്റെ റിപ്പോര്‍ട്ട് തന്നെ റവന്യു അധികാരികളെ ആദ്യം തടഞ്ഞത് പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ജനങ്ങളെ കൂട്ടിക്കൊണ്ടാണ് എന്നാണ്. രാജേന്ദ്രന്‍ എന്ത് ചെയ്തു? എംഎല്‍എ സ്ഥലത്ത് എത്തി റവന്യു അധികാരികളുടെ നിര്‍ദ്ദേശത്തെ അവഗണിച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പണി തുടര്‍ന്നു. ഇതാണ് രാജേന്ദ്രന്റെ റോള്‍. ഹരീഷ് വാസുദേവനൊക്കെ രാജേന്ദ്രനെ ശാപവചനങ്ങള്‍കൊണ്ട് മൂടുകയാണ്. കള്ളന്‍, കൈയേറ്റക്കാരന്‍, ക്രിമിനല്‍ എന്നൊക്കെ ധ്വനിപ്പിച്ച് രേണുരാജ് തുടങ്ങി ഐ.എ.എസുകാരുടെ വീരശൂര പരാക്രമങ്ങള്‍ കണ്ട് പുളകിതഗാത്രരാവുകയാണ്.
ആരോടും ഒന്നിനോടും ഒരുതരത്തിലുമുള്ള അക്കൌണ്ടബിലിറ്റിയും ഇല്ലായെന്ന് ദിനംപ്രതി തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് നമ്മുടെ അഖിലേന്ത്യാ സര്‍വ്വീസ് ബ്യൂറോക്രാറ്റുകള്‍. അതിന്റെ കൊച്ചുമകളാണ് രേണുരാജ്. തുടക്കത്തില്‍ ചൂണ്ടിക്കാണിച്ച ഒരു അടിസ്ഥാന പരിഗണനയും ഈ ബ്യൂറോക്രാറ്റുകള്‍ക്ക് ബാധകമല്ല. യാന്ത്രികമായ, മനുഷ്യവിരുദ്ധമായ വ്യാഖ്യാനത്തോടെ കര്‍ക്കശമായി നിയമം നടപ്പിലാക്കലാണത്രെ അവരുടെ മേന്മ. നിയമം തന്നെ ഇതിനു വേണ്ടിയല്ലായെന്ന് പരിസ്ഥിതി വിശാരദന്‍മാരായ നീലകണ്ഠനും ശിഷ്യരുമൊക്കെ മനസിലാക്കണമെന്ന് ആശിക്കുകയേ നിവര്‍ത്തിയുള്ളൂ.
ഐ.എ.എസ് ബ്യൂറോക്രാറ്റുകളുടെ മഹത്വം വിളമ്പി വരരുത്. ഒരുപാട് പറഞ്ഞു പോകും.ഒരുപാട് കൊട്ടിഘോഷിക്കപ്പെടുന്ന ഇനങ്ങളുടെത് അടക്കം.
ഒന്നു മാത്രം പറഞ്ഞ് നിര്‍ത്താം. രാഷ്ട്രീയക്കാരുടെ പല നിയമലംഘനങ്ങളും അതിന്റെ പതിന്മടങ്ങ് ശക്തിയില്‍ ഒരു ഓഡിറ്റും ഇല്ലാതെ ചെയ്യുന്ന വിഭാഗമാണ് ബ്യൂറോക്രസിയും ജൂഡീഷ്യറിയുടെ ഭാഗവുമൊക്കെ. അവരില്‍ സമ്പൂര്‍ണ്ണ പ്രതീക്ഷിച്ചയര്‍പ്പിച്ച് പരിസ്ഥിതിയും നാടും സംരക്ഷിക്കാന്‍ ഇറങ്ങിയവര്‍ക്ക് നല്ല നമസ്‌കാരം പറയുകയേ നിവര്‍ത്തിയുള്ളൂ.
Post Your Comments