പ്രതിരോധമേഖലയിൽ ഇന്ത്യയ്ക്ക് കരുത്തായി ഇനി ചിനൂക് ഹെലികോപ്റ്ററുകളും. ബോയിങ്ങിൽനിന്ന് ഇന്ത്യ ഓർഡർ ചെയ്‌ത 15 ഹെലികോപ്റ്ററുകളിലെ ആദ്യ 4 എണ്ണം ഇന്ത്യയിലെത്തി. ഗുജറാത്തിലെ വ്യോമസേനാ വിമാനത്താവളത്തിൽ എത്തിച്ച ചിനൂക് പരീക്ഷണപ്പറക്കലുകൾക്കു ശേഷം ഉടൻ സേനയുടെ ഭാഗമാകും. ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണിത്. നിലവിൽ യുഎസ്, ഓസ്ട്രേലിയ, അർജന്റീന, ഇറാൻ, ഇറ്റലി, ജപ്പാൻ, ഒമാൻ, സ്പെയിൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങി നിരവധി രാജ്യങ്ങളിലെ സേനകൾക്ക് ഈ ഹെലികോപ്റ്ററുണ്ട്.
വാഹനങ്ങൾക്കെത്താൻ കഴിയാത്ത ദുർഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങൾ, ആയുധങ്ങൾ എന്നിവ എത്തിക്കാൻ ചിനൂക്കിന് കഴിയും. എതിരാളികളെ അപേക്ഷിച്ച് കൂടിയ വേഗമാണ് ചിനൂക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിനൂക് ചിഎച്ച്–എഫ് ഹെലികോപ്റ്ററിന്റെ നവീന പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്. മണിക്കൂറിൽ 302 കിലോമീറ്ററാണ് പരമാവധി വേഗം. ഏകദേശം 741 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാൻ ഇതിന് കഴിയും. 3 പേരാണ് ചിനൂകിലെ ക്രൂ. അവരെ കൂടാതെ 33 മുതൽ 35 വരെ സൈനികരെയും വഹിക്കാനാവും.
Post Your Comments