Latest NewsInternational

ഐ.എസിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ അവസാന യുദ്ധം

ആ നല്ല വാര്‍ത്ത കേള്‍ക്കാനായി കാതോര്‍ത്ത് ലോകം

ബെയ്‌റൂട്ട് : ഐ.എസിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ അവസാന യുദ്ധം. ലോകത്ത് ശേഷിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ അവസാന ഭീകരനെയും ഇല്ലാതാക്കാനുള്ള അന്തിമയുദ്ധം സിറിയയില്‍ മുറുകുന്നു. സിറിയയെ ദിവസങ്ങള്‍ക്കകം ഐഎസില്‍ നിന്നു മോചിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച പറഞ്ഞതിനു പിന്നാലെയാണു പോരാട്ടം ശക്തമായത്. കിഴക്കന്‍ സിറിയയില്‍ അവശേഷിക്കുന്ന ഭീകരര്‍ക്കു നേരെ യുഎസ് പിന്തുണയുള്ള ഭീകരവിരുദ്ധ സഖ്യസേന കനത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. ഇറാഖിനോട് അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ സിറിയയിലെ രണ്ടു ഗ്രാമങ്ങളിലാണ് ഇപ്പോള്‍ പോരാട്ടം.

പത്തു ദിവസത്തോളം ആക്രമണത്തില്‍ നിന്നു പിന്മാറി നിന്ന ശേഷമാണ് കുര്‍ദ്, അറബ് സായുധ വിഭാഗങ്ങളുടെ കൂട്ടായ്മയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്) ശനിയാഴ്ച രാത്രിയോടെ ‘അന്തിമയുദ്ധം’ ആരംഭിച്ചിരിക്കുന്നത്. എസ്ഡിഎഫിന് യുഎസ് സൈന്യമാണു പരിശീലനം നല്‍കുന്നത്. ലോകത്ത് ഇനി ഐഎസ് ഇല്ല എന്ന നല്ല വാര്‍ത്ത വൈകാതെ തന്നെ കേള്‍ക്കാമെന്ന് എസ്ഡിഎഫ് വക്താവ് മുസ്തഫ ബാലി ട്വീറ്റ് ചെയ്തു.പോരാട്ടത്തിനു മുന്നോടിയായി സാധാരണക്കാര്‍ക്ക് ഒഴിഞ്ഞു പോകാന്‍ അവസരം നല്‍കി എസ്ഡിഎഫ് പത്തു ദിവസത്തോളം യുദ്ധത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അതിനിടെ ശനിയാഴ്ച വൈകിട്ട് എസ്ഡിഎഫിനു നേരെ ഐഎസ് ഭീകരര്‍ ആക്രമണം നടത്തി. സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടമായ അല്‍-ഒമറിനു സമീപമായിരുന്നു ആക്രമണം. തുടര്‍ന്ന് യുഎസ് പിന്തുണയോടെ വ്യോമാക്രമണം ശക്തമാക്കുകയായിരുന്നു. 12 ഐഎസ് ഭീകരരാണ് വെടിവയ്പ് നടത്തിയത്. ബൈക്കുകളില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ചാണ് ഇവര്‍ എത്തിയത്. മണിക്കൂറുകളോളം നടന്ന പോരാട്ടത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ രക്ഷപ്പെട്ടു.

ഞായറാഴ്ച രാവിലെ മുതല്‍ ഇരുവിഭാഗവും തമ്മില്‍ കനത്ത പോരാട്ടമാണു നടക്കുന്നതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങളും പീരങ്കികളും വെടിവയ്പുമായി എസ്ഡിഎഫ് മുന്നേറുകയാണ്. ഐഎസ് പലയിടത്തും മൈനുകള്‍ കുഴിച്ചിട്ടിട്ടുണ്ട്. ഇവയും പൊട്ടിച്ചിതറുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്തുവില കൊടുത്തും സിറിയയെ ഐഎസില്‍ നിന്നു മോചിപ്പിക്കുമെന്നു പ്രഖ്യാപിച്ചാണ് ‘അന്തിമയുദ്ധം’ എന്നു വിശേഷിപ്പിച്ച പോരാട്ടത്തിലേക്ക് എസ്ഡിഎഫ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button