തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യക്കുറവ് സ്വകാര്യ ആശുപത്രികള്‍ മുതലെടുക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഡന്റല്‍ കോളേജ് വിഭാഗത്തിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ കാണിച്ച രോഗി 70 ദിവസം സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ വന്ന ചികിത്സച്ചെലവ് ഒന്നരക്കോടി രൂപയായിരുന്നു. 70 ദിവസവും രോഗി വെന്റിലേറ്ററിലായിരുന്നു. 70-ാം ദിവസം രോഗി മരിച്ചു. ഇത്തരം കഴുത്തറപ്പന്‍ സമ്പ്രദായങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ നടക്കുകയാണ്. രോഗികളോട് ഡോക്ടര്‍മാര്‍ നീതി പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്ത് കേരളം മത്സരിക്കുന്നത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളോടല്ല വികസിത രാഷ്ട്രങ്ങളോടാണ്. നിപ രോഗത്തെ പ്രതിരോധിച്ചതില്‍ കേരളം ലോകത്തിന് മാതൃകയായി. പൊതുജനാരോഗ്യത്തിന് ഊന്നല്‍ നല്‍കുന്ന ആരോഗ്യനയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി താലൂക്കാശുപത്രികളുടെ പ്രവര്‍ത്തനം വിപുലമാക്കി. പഞ്ചനക്ഷത്ര ആശുപത്രികളെ വെല്ലുന്ന തരത്തിലുള്ളതാണ് ഇന്നത്തെ നമ്മുടെ മെഡിക്കല്‍ കോളേജുകള്‍.
കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.എസ്.സിന്ധു അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ.റംലാബീവി, ജോളി മേരി വര്‍ഗീസ്, ഡി.ആര്‍.അനില്‍, പ്രിന്‍സിപ്പല്‍ അനിതാ ബാലന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഹര്‍ഷകുമാര്‍, ശോഭ കുര്യാക്കോസ്, കോശി ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
Post Your Comments