എന്തിനാണ് ശബരിമലയിലേക്ക് അവിശ്വാസികളായ സ്ത്രീകളെ വരെ സുരക്ഷിതമായി എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്., എന്തിനായിരുന്നു ലക്ഷങ്ങളെ അണിനിരത്തി വന്‍ വനിതാമതില്‍ തീര്‍ത്തത്. രണ്ട് ചോദ്യത്തിനും ഉത്തരം ഒന്നു തന്നെ. ഇടത് സര്‍ക്കാരിന്റെ ലിംഗസമത്വത്തിന്റെയും നവോത്ഥാനനിലപാടിന്റെയും തെളിവുകളാണ് അതൊക്കെ. പക്ഷേ എന്തുകൊണ്ട് ഈ സമത്വവും നവോത്ഥാനവുമൊന്നും സമൂഹത്തിലെ എല്ലാ തട്ടിലും പ്രായോഗികമാകുന്നില്ല എന്നത് കൂടി ചോദിക്കേണ്ടിയിരിക്കുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഒരു വനിതാ ഐഎഎസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിക്കപ്പെടില്ലായിരന്നു. ഉത്തരവാദിത്തപ്പെട്ട എല്‍ഡിഎഫ് സര്‍ക്കാരിന്റെ എംഎല്‍എ എസ് രാജേന്ദ്രനാണ് ദേവികുളം സബ്കളക്ടര്‍ രേണു രാജിനോട് അപമര്യാദയായി പെരുമാറിയൈന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്.
അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേ ദേവികുളം സബ് കളക്ടര്‍ രേണു രാജ് പരാതി നല്‍കിയിരിക്കുന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ തടഞ്ഞതും സബ് കളക്ടര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതുമാണ് വിവാദത്തിന് കാരണമായത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും നേരിട്ട് ഫോണില്‍വിളിച്ചാണ് സബ് കളക്ടര്‍ പരാതി ബോധിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സഹിതം രേണു രാജ് പിന്നീട് വിശദമായ പരാതി നല്‍കാനിരിക്കുകയാണ്.
പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിനാണ് എന്‍ഒസി ഇല്ലെന്ന കാരണത്താല്‍ റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്. കെഡിഎച്ച് കമ്പനി പഞ്ചായത്തിന് വിട്ടു നല്‍കിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുതല്‍ മുടക്കി പഞ്ചായത്ത് വനിതാ വ്യാവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ മുതിരപുഴയാറിന്റ തീരം കയ്യേറിയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവില്‍ റവന്യൂ വകുപ്പ് അന്വേഷണം നടത്തി, എന്‍ഒസി വാങ്ങാതെയാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തിയത്. പഞ്ചായത്തിന്റെ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കളക്ടറെ പൊതുജനമധ്യത്തില്‍ വെച്ചാണ് എംഎല്‍എ അപമാനിച്ചത്.
കെട്ടിടനിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കളക്ടര്‍ രേണുരാജിന് ബുദ്ധിയില്ലെന്നും ഐ.എ.എസ്. കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം. നിര്‍മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നില്‍വച്ചാണ് എം.എല്‍.എ. ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. അതേസമയം സംഭവം വിവാദമായതോടെ സബ് കളക്ടറെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും അവര്‍ തന്നെയാണ് അധിക്ഷേപിച്ചതെന്നുമാണ് എംഎല്‍എ പറയുന്നത്. സ്റ്റോപ്പ് മെമ്മോയെക്കുറിച്ച് ചോദിച്ചപ്പോള്‍ സബ് കളക്ടര്‍ തന്നോട് പോയി പണിനോക്കാന്‍ പറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ എം.എല്‍.എയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന ആരോപണം നിഷേധിച്ച സബ് കളക്ടര്‍ എം.എല്‍.എ എന്നുമാത്രമാണ് അദ്ദേഹത്തെ വിളിച്ചതെന്നും നിര്‍മാണം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും വ്യക്തമാക്കി.
ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെ രാഷ്ട്രീയക്കാര്‍ അപമാനിക്കുന്നതും മൂക്കുകൊണ്ട് ക്ഷ വരപ്പിക്കുന്നതുമൊന്നും അസാധാരണമായ സംഭവമല്ല. ഇക്കാര്യത്തില്‍ പ്രതിഷേധിക്കാനും പരാതി നല്‍കാനും ആ ഐഎഎസുകാരി തയ്യാറായി എന്നത് നല്ല കാര്യം സാധാരണഗതിയില്‍ ഇത്തരം വിവാദങ്ങളില്‍പ്പെടുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു സ്ഥലംമാറ്റം ഉറപ്പാണ്. എന്നാല്‍ രേണു രാജിന്റെ കാര്യത്തില്‍ തത്കാലം സബ് കളക്ടര്‍ക്കൊപ്പമാണ് റവന്യൂ മന്ത്രി. മൂന്നാറില്‍ സബ് കലക്ടര്‍ രേണു രാജ് പ്രവര്‍ത്തിച്ചത് നിയമപരമായിമാത്രമാണെന്നും ഉദ്യോഗസ്ഥയ്ക്കെതിരെ ഒരുതരത്തിലുള്ള അന്വേഷണവും ആവശ്യമില്ലെന്നുമാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചത്. മന്ത്രി മാത്രമല്ല സിപിഐ ജില്ലാസെക്രട്ടറി കെ.കെ. ശിവരാമനും രേണുരാജിനെ പിന്തുണയ്ക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്. എംഎല്‍എ പിന്തുണയ്ക്കുന്നത് അനധികൃത നിര്‍മാണത്തെയാണെന്നാണ് കെ.കെ. ശിവരാമന്‍ തുറന്നടിച്ചത്.
എന്തായാലും സിപിഎം ജില്ലാ ഓഫീസില്‍ റെയ്ഡ് നടത്തിയെന്ന പേരില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് വനിതാ ഐഎഎസ് ഓഫീസറെ ഭരണകക്ഷിയിലെ എംഎല്‍ എ അപമാനിച്ചെന്ന റിപ്പോര്‍ട്ട്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ അന്ന് സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ശക്തമായ വിമര്ശനമാണ് അന്ന് ഉന്നയിച്ചത്.
എന്തായാലും ഇതിന് പിന്നാല ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അപകീര്‍ത്തികരമായി സംസാരിച്ച എംഎല്‍എയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. പക്ഷേ സ്വന്തം കഴിവു കൊണ്ടും ബുദ്ധികൊണ്ടും ഉന്നതവിജയം കരസ്ഥമാക്കി നാടിനെ സേവിക്കാനെത്തുന്നവരോട് ജനപ്രതിനിധികള്‍ പെരുമാറുന്ന രീതി അപലപനീയം തന്നെ. കൊടിയുടെയും രാഷ്ട്രീയത്തിന്റെയും ബലത്തില്‍ ആരോടും എന്തുമാകാമെന്നെ ഇത്തരക്കാരുടെ ധാര്‍ഷ്ട്യത്തിന് കൂച്ചുവിലങ്ങിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നവോത്ഥാനത്തിനായി പ്രസംഗിക്കുകയും മതിലുകള്‍ കെട്ടുകയും ചെയ്യുന്ന സര്‍ക്കാര്‍ എസ് രാജേന്ദ്രന്റെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു.
Post Your Comments