ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി കുമാരസ്വാമി ഇന്നു ബജറ്റ് അവതരിപ്പിക്കാനിരിക്കെ, ഇടഞ്ഞു നില്ക്കുന്ന പത്തോളം ഭരണപക്ഷ എംഎല്‍എമാരെ സഭയിലെത്തിക്കാന്‍ തീവ്രശ്രമങ്ങളുമായി കോണ്‍ഗ്രസും ജനതാദളും. വോട്ടെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനു പിന്നാലെ ദളും എംഎല്‍എമാര്‍ക്ക് വിപ്പ് നല്കി. അതിനിടെ, ഭൂരിപക്ഷ പിന്തുണയില്ലാത്ത സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റ് അംഗീകരിക്കില്ലെന്നു വാദിച്ച് രണ്ടാം ദിവസവും ബിജെപി സഭാ നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു.
ഭരണപക്ഷത്തെ 9 എംഎല്‍എമാര്‍, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു നേരത്തെ ഗവര്‍ണര്‍ക്കു കത്തു നല്കിയ സ്വതന്ത്രന്, കര്‍ണാടക പ്രഞ്ജാവന്ത പാര്‍ട്ടി അംഗം എന്നിവരാണ് ഇന്നലെ സഭയില്‍ എത്താതിരുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥാനം ലഭിക്കാത്തതില്‍ പരിഭവമുള്ള ഡോ. കെ. സുധാകറാണ് വിട്ടുനിന്ന മറ്റൊരു കോണ്‍ഗ്രസ് അംഗം. എന്നാല്‍ അദ്ദേഹം ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനം ഉണ്ടായിരുന്നതിനാല്‍ നാളെ എത്തുമെന്നാണു പ്രതീക്ഷ.
ആദ്യദിനത്തില്‍ വിട്ടുനിന്ന 4 കോണ്‍ഗ്രസ് വിമതര്‍, കാരണം വ്യക്തമാക്കാതെ മാറിനില്‍ക്കുന്ന ബി.സി.പാട്ടീല്‍, എംഎല്‍എയെ ആക്രമിച്ച കേസില്‍ ഒളിവിലുള്ള ജെ.എന്‍ ഗണേഷ് (ഇരുവരും കോണ്‍.), ദളിന്റെ നാരായണ ഗൗഡ എന്നിവര്‍ ഇന്നലെയും വന്നിട്ടില്ല.ഇവര്‍ക്കു പുറമേ, ഹാജരാകാത്ത റോഷന് ബെയ്ഗ് ഡല്‍ഹിയില്‍ ന്യൂനപക്ഷ കണ്‍വന്‍ഷനില്‍ പങ്കെടുക്കുകയാണെന്നു കോണ്‍ഗ്രസ് അറിയിച്ചു.
മുംബൈയിലുള്ള കോണ്‍ഗ്രസ് വിമതരായ രമേഷ് ജാര്‍ക്കിഹോളി, ഉമേഷ് യാദവ്, മഹേഷ് കുമത്തല്ലി, ബി.നാഗേന്ദ്ര എന്നിവര്‍ ഇന്ന് സഭയില്‍ എത്തിയില്ലെങ്കില്‍, കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാനുള്ള നടപടികള്‍ക്കു കോണ്‍ഗ്രസ് മുതിര്‍ന്നേക്കും. ഇവരില്‍ ചിലര്‍ രാജിവച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. കോണ്‍ഗ്രസും ബിജെപിയും ദളും ഇന്നു രാവിലെ ചേരുന്ന നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കണമെന്ന് എംഎല്‍എമാരോടു കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.30നാണ് ബജറ്റ്.
Post Your Comments