അബുദാബി: യുഎഇയില്‍ സമൂഹമാധ്യമങ്ങൾ വഴി വേശ്യാവൃത്തിക്ക് പ്രചരണം കൊടുത്ത യുവാവിന് കോടതി ശിക്ഷ വിധിച്ചു. രണ്ട് വര്‍ഷം തടവിന് പുറമെ ഇയാളില്‍ നിന്ന് അഞ്ച് ലക്ഷം ദിര്‍ഹം പിഴയും ഈടാക്കും. അബുദാബി കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ച് ഫോണുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. സമൂഹമാധ്യമങ്ങളിൽ ഇയാൾ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ബന്ധപ്പെട്ട നിരവധി പേരുമായി ഇയാള്‍ നടത്തിയ ചാറ്റുകളും കൈമാറിയ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.
രണ്ട് അറബ് സ്ത്രീകള്‍ ഇയാളെ സമീപിച്ച് തങ്ങളുടെ ഫോട്ടോകള്‍ ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പബ്ലിഷ് ചെയ്യുമോയെന്ന് ചോദിച്ചു. ഇവരുടെ അര്‍ദ്ധനഗ്ന ചിത്രങ്ങളും ഇതിനായി അയച്ചുകൊടുത്തു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമെന്ന് സമ്മതിച്ച ഇയാള്‍ തന്റെ അക്കൗണ്ട് വഴിയെത്തുന്ന ഓരോ ആളിനും 100 ദിര്‍ഹം തനിക്ക് നല്‍കണമെന്ന് നിബന്ധന വെച്ചു. ചിത്രം കണ്ട് ചിലര്‍ ഇയാളെ ബന്ധപ്പെട്ടു. വിവരങ്ങള്‍ പറഞ്ഞശേഷം സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ ഇയാള്‍ കൈമാറുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി മറ്റ് അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്നും അധികൃതര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments