തിരുവനന്തപുരം : ദേവസ്വം ബോര്‍ഡ് സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്ന രൂക്ഷ പരാമര്‍ശവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശബരിമല പുന പരിശോധന ഹര്‍ജ്ജികള്‍ സുപ്രീം കോടതി വാദം കേട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. വിശ്വാസികളോടൊപ്പം നില്‍ക്കേണ്ട ദേവസ്വം ബോര്‍ഡ് സി.പി.ഐ.എമ്മിന്റെ ചട്ടുകമായി മാറി, വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചവിട്ടി മെതിച്ചു, ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത വില നല്‍കേണ്ടി വരും-അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയില്‍ നിന്ന് ഇനി എന്തു വിധി വന്നാലും നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി, താന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വിധി ലഭിക്കാന്‍ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തി. ഇതു വീണ്ടും സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കുമെന്ന് ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചിലിനെ സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടി. അവിശ്വാസികളുടെ അജണ്ട നടപ്പിലാക്കാനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments