KeralaLatest News

തൃശൂര്‍ പൂരം വെടിക്കെട്ട് : സുപ്രധാന തീരുമാനവുമായി സര്‍ക്കാരും പൂരം സംഘാടകരും

തൃശ്ശൂര്‍: തൃശൂര്‍ പൂരം പ്രേമികള്‍ക്ക് ആശ്വാസ തീരുമാനവുമായി സര്‍ക്കാരും പൂരം സംഘാടകരും . ഇത്തവണ തൃശ്ശൂര്‍ പൂരത്തിന്റെ മാറ്റ് ഒട്ടും കുറയാതിരിക്കാന്‍ മുന്‍കൂട്ടി യോഗങ്ങള്‍ ചേര്‍ന്ന് സുപ്രധാന തീരുമാനങ്ങളെടുത്തു. പൂരം വെടിക്കെട്ട് മാറ്റമില്ലാതെ നടത്താന്‍ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനവുമെടുത്തു. വെടിക്കെട്ടിന്റെ അന്തിമ അനുമതിക്കായുള്ള നടപടികള്‍ വേഗത്തിലാക്കും. ചെറു പൂരങ്ങളിലെയും പെരുന്നാളുകളിലെയും വെടിക്കെട്ടിന് അനുമതി നല്‍കുന്നത് പരിഗണിക്കാന്‍ കളക്ടറെയും യോഗം ചുമതലപ്പെടുത്തി.

പുറ്റിങ്ങല്‍ ദുരന്തം മുതല്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന്റെ നടത്തിപ്പിനെ ചൊല്ലി ആശങ്കകള്‍ പുകയുകയാണ്. പലപ്പോഴും അവസാനനിമിഷമാണ് വെടിക്കെട്ടിന് അനുമതി ലഭിക്കാറ്. ഇത്തരം പ്രശ്നങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനാണ് സ്ഥലം എംഎല്‍എകൂടിയായ കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുന്‍പെ പ്രത്യേകയോഗം വിളിച്ചത്. മന്ത്രിമാരായ എസി മൊയ്തീന്‍, സി രവീന്ദ്രനാഥ്, എംഎല്‍എ കെ രാജന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ആവശ്യമായ നടപടി സ്വീകരിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങള്‍ കളക്ടറും പോലീസും ചേര്‍ന്ന് തീരുമാനിക്കും. ഇത് പാലിക്കുന്നവര്‍ക്കായിരിക്കും അനുമതി നല്‍കുക.

ഇത്തവണ യാതൊരു മാറ്റവുമില്ലാതെ വെടിക്കെട്ട് നടത്താനാണ് തീരുമാനം. എക്സ്പ്ളോസീവ് വിഭാഗത്തിന്റെ അന്തിമ അനുമതിക്ക് വേണ്ട നടപടികള്‍ മുന്‍കൂട്ടി തുടങ്ങും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വെടിക്കെട്ട് കരാറുകാര്‍ക്കും നടത്തിപ്പുകാര്‍ക്കും എക്സ്പ്ളോസീവ് വിഭാഗം തൃശൂരിലെത്തി പ്രത്യേകപരിശീലനം നല്‍കാനും തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button