ദുബായ് : വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍ ഭാര്യയുടെ പാസ്‌പോര്‍ട്ട് നശിപ്പിച്ചെന്ന് പ്രവാസി മലയാളിയുടെ പരാതി. മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് സംഭവം ഉണ്ടായത്. മംഗലാപുരത്ത് നിന്ന് ദുബായിലേക്കുള്ള യാത്രക്കിടെ പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പാസ്‌പോര്‍ട്ട് രണ്ടായി കീറിയെന്നാണ് പരാതി. ദുബായിലെ സ്വകാര്യ കമ്പനിയില്‍ പിആര്‍ഒയായി ജോലി ചെയ്യുന്ന കാസര്‍കോട് കീഴൂര്‍ സ്വദേശി ഹാഷിമാണ് പരാതിക്കാരന്‍.
ഹാഷിമും ഭാര്യയും എട്ട് മാസം പ്രായമായ കൈക്കുഞ്ഞ് അടക്കം രണ്ട് മക്കളുമായാണ് ദുബായിലേക്ക് യാത്ര ചെയ്യാന്‍ മംഗലാപുരത്ത് എത്തിയത്. പാസ്‌പോര്‍ട്ടും ടിക്കറ്റും പരിശോധനയ്ക്കായി പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നു കൈക്കുഞ്ഞിന് എയര്‍പോര്‍ട്ടിലെ സ്‌ട്രോളറെടുക്കാന്‍ പോയിരുന്നു. തിരികെയെത്തി പാസ്‌പോര്‍ട്ട് വാങ്ങി ബോര്‍ഡിംങ് എടുക്കാനായി നല്‍കിയപ്പോഴാണ് പാസ്‌പോര്‍ട്ട് രണ്ടു കഷണങ്ങളാക്കിയ കീറിയ നിലയില്‍ കണ്ടെത്തിയത്. ഇതോടെ യാത്ര അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് ഇവിടെ നിന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് കേണു പറഞ്ഞിട്ടും അധികൃതര്‍ കേട്ടില്ലെന്നും കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന തന്റെ ഭാര്യയോട് വളരെ ക്രൂരമായാണ് പെരുമാറിയെന്നും ഹാഷിം പറഞ്ഞു.
തുടര്‍ന്ന് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി അയച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ല എന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം വെള്ള പേപ്പറില്‍ എഴുതി ഒപ്പിട്ടുനല്‍കി യാത്ര തുടര്‍ന്നു. എന്നാല്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ അധികൃതര്‍ വളരെ മാന്യമായ രീതിയില്‍ പെരുമാറിയെന്ന് ഹാഷിം അറിയിച്ചു. അടുത്ത യാത്രയ്ക്ക് മുമ്പായി പാസ്‌പോര്‍ട്ട് മാറ്റണെമെന്ന് നിര്‍ദേശിച്ച് പറഞ്ഞു വിട്ടെന്നും ഹാഷിം പറയുന്നു.
നേരത്തേയും മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇത്തരം പാസ്‌പോര്‍ട് കീറുന്ന പരാതികള്‍ ഉണ്ടായിട്ടുണ്ട്. ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരോടും പ്രത്യേകിച്ച് സ്ത്രീകളോട്മാണ് ഈ ക്രൂരത. തന്റെ ദുരനുഭവം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ട്വീറ്ററിലൂടെ അറിയിച്ചിട്ടുണ്ടെന്ന് ഹാഷിം പറഞ്ഞു.
Post Your Comments