കഴിഞ്ഞ രണ്ട് ദിവസമായി രാജ്യം ചര്‍ച്ച ചെയ്യുന്നത് ബംഗാളില്‍ മമത ബാനര്‍ജി നടത്തിയ രാഷ്ട്രീയനീക്കമാണ്. ബിജെപിയെ മാത്രമല്ല കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രമുഖ പാര്‍ട്ടികളെയും അമ്പരിപ്പിച്ച് കൊല്‍ക്കത്തയില്‍ മമത നടത്തിയ ധര്‍ണയ്ക്ക് പിന്തുണ നല്‍കാന്‍ മോദി വിരുദ്ധര്‍ മത്സരിക്കുകയായിരുന്നു. വിവാദമായ ശാരദ ചിട്ടി ഫണ്ട് കേസ് അന്വേഷണത്തിന്റെ ഭാഗമായി കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ സിബിഐ വന്നതാണ് മമതയെ പ്രകോപിപ്പിച്ചത്. സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ എത്തിയ സിബിഐ സംഘത്തെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയ മമത സിബിഐ നീക്കത്തെ മോദിയും അമിത് ഷായും അജിത് ഡോവലും ചേര്‍ന്നു തയ്യാറാക്കിയ ‘അട്ടിമറി ദൗത്യമായാണ് അവതരിപ്പിച്ചത്. ബിജെപിക്കെതിരെയുള്ള രാഷ്ട്രീയനീക്കമായി മമത അവസരം ഉപയോഗിക്കുകയും ചെയ്തു.
പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സിബിഐ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിന് തൊട്ടുമുന്നായി നടന്ന രാഷ്ട്രീയനീക്കങ്ങള്‍ക്ക് പക്ഷേ പരമോന്നതകോടതിയില്‍ നിന്ന് ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്. ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണവുമായി സഹകരിക്കണം. സിബിഐയ്ക്ക് മുന്നില്‍ ഹാജരാകാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മടിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതിയലക്ഷ്യ ഹര്‍ജിയുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഫെബ്രുവരി 19ന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ കമ്മീഷണര്‍ക്ക് കോടതി നോട്ടീസ് നല്‍കി. ഫെബ്രുവരി 20ന് അകം നോട്ടീസിന് മറുപടി നല്‍കണം. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി പരിശോധിച്ച് ഇവര്‍ക്കെതിരായ കേസില്‍ തീരുമാനമെടുക്കും. ഷില്ലോങ്ങില്‍ വെച്ചു വേണം കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെന്നും കോടതി നിര്‍ദേശിച്ചു. ഈ മാസം 21ന് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം തന്റെ സമരത്തിന്റെ ധാര്‍മിക വിജയമാണ് സുപ്രീംകോടതി വിധിയിലൂടെ തെളിയുന്നതെന്നാണ് മമത അവകാശവാദം മുഴക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് അപേക്ഷകളാണ് സിബിഐ കോടതിയില്‍ നല്‍കിയിരുന്നത്. ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാതെ കൈമാറണമെന്നാവശ്യപ്പെട്ടുള്ളതാണ് ഒന്ന്. സുപ്രീംകോടതിയുടെ വിധിയും ഉത്തരവുകളും ലംഘിച്ചുവെന്നു കാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജിയാണ് രണ്ടാമത്തേത്. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി മുതലാണ് കൊല്‍ക്കത്തയില്‍ മമത സിബിഐ നടപടിക്കെതിരെ ധര്‍ണ ആരംഭിച്ചത്. എന്തായാലും ബംഗാള്‍ സര്‍ക്കാരിന്റേത് സായുധ കലാപമാണെന്നാണ് സിബിഐ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്. ചിട്ടി തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാനാണ് സിബിഐ എത്തിയത്. തട്ടിപ്പിനെ കുറിച്ച് നിരവധി വിവരങ്ങള്‍ പൊലീസില്‍ നിന്ന് കിട്ടണമായിരുന്നു. അതിനായി പല തവണ രാജീവ് കുമാറിന് നോട്ടീസ് നല്‍കി. എന്നാല്‍ പൊലീസ് കമ്മീഷണര്‍ ഹാജരായില്ലെന്നും സിബിഐ പറഞ്ഞു. രാജീവ് കുമാറാണ് അന്വേഷണം നിരീക്ഷിച്ചിരുന്നത്. മുഖ്യപ്രതിയില്‍ നിന്ന് കണ്ടെടുത്ത തെളിവുകള്‍ കൈമാറിയില്ല. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഇതില്‍ ഉണ്ടായിരുന്നു. ഫോണ്‍വിളിയുടെ വിശദാംശങ്ങളും കൈമാറിയില്ലെന്നും സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഹാജരാകാതിരുന്ന പൊലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ സിബിഐയെ എത്തുമ്പോള്‍ ആ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇത്ര ആവേശത്തോടെ അതിനെ ചെറുക്കാന്‍ ഇറങ്ങേണ്ടതുണ്ടോ എന്നതാണ് ഒരു ചോദ്യം. കൊല്‍ക്കത്തയിലെ സിബിഐ ആസ്ഥാനത്ത് പൊലീസിനെ വിന്യസിക്കാനും സിബിഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും മമത സര്‍ക്കാര്‍ തയ്യാറാകുകയും ചെയ്തതോടെ രംഗം കൊഴുത്തു. വന്‍തട്ടിപ്പ് നടത്തിയ വ്യക്തികളം സംരക്ഷിക്കാന്‍ കൂട്ടുനിന്ന പൊലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാനല്ല മറിച്ച് ചോദ്യം ചെയ്യാനാണ് സിബിഐ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അതില്‍ തെറ്റില്ലെന്നും അത് സ്വാഭാവികമായ പ്രക്രിയ മാത്രമാണെന്നുമാണ് പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. ഇത്രയും കാലതാമസം വരുത്തി ലോക്സഭതെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സിബിഐ ഇത്ര വലിയ ഉദ്യോഗസ്ഥനെ തിരഞ്ഞ് എത്തുന്നതിലെ ഉദ്ദേശ്യ ശുദ്ധി സംശയിക്കപ്പെടണമെന്നാണ് മമതയെ പിന്തുണയ്ക്കുന്നവര്‍ ഉന്നയിക്കുന്ന വാദം.
ധര്‍ണ നടത്തുക മാത്രമല്ല മമതാ ബനര്‍ജി ജനങ്ങളോട് സംവദിക്കുകയും മാധ്യമങ്ങളെ കാണുകയും ചെയ്തു. താന്‍ ഒരു സംവിധാനങ്ങള്‍ക്കും എതിരല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ സംവിധാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് മമത മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്. ഇത് ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണിതെന്നും അവര്‍ ആരോപിച്ചു. മോദിക്ക് ഭ്രാന്തായെന്നും അദ്ദേഹത്തിന്റെ കാലാവധി തീരാറായെന്നും വരെ മമത വിളിച്ചുകൂവി. ബംഗാള്‍ സര്‍ക്കാരിനെ പൂട്ടാന്‍ അവര്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ, ഞങ്ങള്‍ക്ക് ഭയമില്ല. എന്തായാലും അത് നേരിടും. ചുണയുണ്ടെങ്കില്‍ അവര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെ എന്നും മമത പറഞ്ഞപ്പോള്‍ ജനം കയ്യടിയോടെ അത് കേട്ടു. .ഇത് ബംഗാളാണ്. ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബംഗാള്‍ പ്രതികരിച്ചതിന് ചരിത്രം സാക്ഷിയാണ്. കേന്ദ്രത്തില്‍ നിന്നും മോദി സര്‍ക്കാരിനെ പറഞ്ഞുവിടേണ്ടത് അത്യാവശ്യമായിരിക്കുന്നു. അല്ലെങ്കില്‍ നമ്മുടെ രാജ്യം നശിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് മമത ജനങ്ങളെ കയ്യിലെടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ തെരുവിലെ സമരപ്പന്തലില്‍ മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്തും മമത മാധ്യമങ്ങളില്‍ നിറഞ്ഞു.
മമത ആരോപിക്കുന്നതുപോലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മോദിയും അമിത് ഷായും നടത്തുന്ന നാടകമാണിതെങ്കില്‍ അതേ ആരോപണം ബിജെപി മമതക്കെതിരെ ഉന്നയിച്ചാലും തെറ്റ് പറയാനാകില്ല. മമത സൃഷ്ടിച്ച സമരവും പ്രതിഷേധവും അവര്‍ക്ക് രാജ്യാന്തരശ്രദ്ധയാണ് നല്‍കുന്നത്. രാഷ്ട്രീയമായ മൈലേജ് വേറെയും. സുപ്രീംകോടതി വിധി പ്രതികൂലമാണെങ്കില്‍ കൂടിയും മമത ലക്ഷ്യമിട്ടത് അഴിമതിക്ക് കൂട്ടുനിന്ന ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുക എന്നതല്ല ബംഗാളിനുവേണ്ടി കാവലാളായ മുഖ്യമന്ത്രി എന്ന പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാനായിരുന്നു. സിബിഐക്കെതിരെ കോടതി വിധി വന്നിരുന്നെങ്കില്‍ അത് മമതക്ക് ഇരട്ടി വിജയം സമ്മാനിക്കുകയും ചെയ്യുമായിരുന്നു. മമതയുടെ സമരപ്പന്തലില്‍ പിന്തുണ അര്‍പ്പിച്ചെത്തിയ രാഷ്ട്രീയ പ്രമുഖരുടെ പട്ടിക പ്രത്യേകം എടുത്തു പറയണം. മമതയുടെ സത്യസന്ധതയോടുള്ള പ്രതിബദ്ധതയല്ല മറിച്ച് മോദി വിരോധം തന്നെയാണ് അവരെ ആ സമരപ്പന്തലില്‍ എത്തിച്ചത്. ഭരണഘടനയെ രക്ഷിക്കാനും കേന്ദ്രത്തില്‍ നിന്ന് ബംഗാളിനെ രക്ഷിക്കാനുമുള്ള ശ്രമത്തെ പാടിപ്പുകഴ്ത്തി മടങ്ങുന്നവര്‍ക്കും മമതയെപ്പോലെതന്നെ വ്യക്തമായ രാഷ്ട്രീയവ്യത്യാസമുണ്ട്. എന്തായാലും ജനങ്ങള്‍ക്ക് വേണ്ടിയല്ല ഈ നാടകങ്ങളെന്ന് കാര്യങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസിലാക്കാനാകും. ആ സത്യസന്ധതയില്ലായ്മക്കേറ്റ പ്രഹരമാണ് സുപ്രീംകോടതി വിധി
Post Your Comments