വാഷിംഗ്ടൺ: വെനിസ്വേലയില്‍ രണ്ടാഴ്ചയായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഹുവാൻ ഗ്വായിഡോയെ അംഗീകരിച്ചുള്ള യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കര്യം വ്യക്തമാക്കിയത്.
യൂറോപ്യന്‍ രാജ്യങ്ങളായ ജർമനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയവയാണ് ഹുവാൻ ഗ്വായിഡോയെ അംഗീകരിക്കുന്നതായി അറിയിച്ചത്. അതേസമയം ഇടക്കാല പ്രസിഡന്റ് തെരഞ്ഞെടുപ്പു നടത്തണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് യൂറോപ്യൻ യൂണിയന് പുതിയ തീരുമാനം. കഴിഞ്ഞ മാസം 23നാണ് ഗ്വായിഡോ വെനസ്വേലയുടെ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചത്. അമേരിക്കയും കാനഡയും പ്രമുഖ ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഗ്വായിഡോയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
അതേസമയം വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയുടെ രാജിയാവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി. തലസ്ഥാനമായ കാറക്കസിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുമായാണ് പ്രതിഷേധ റാലി നടത്തിയത്.മഡൂറോ ഭരണകൂടത്തിന്റെ അവസാനമായെന്ന ആഹ്വാനവുമായാണ് പ്രതിപക്ഷ അനുകൂലികള്‍ റാലിക്കായ് അണിനിരന്നത്.
മഡൂറോയുടെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആഹ്വാനം. അതേസമയം, മഡൂറോയെ പിന്തുണച്ചും രാജ്യത്ത് റാലികള്‍ നടന്നു. ഊഗോ ചാവെസ് അധികാരത്തിലേറിയതിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു റാലി..
Post Your Comments