തിരുവനന്തപുരം: കോടതിയില്‍ വൈകിയെത്തിയതിന് പൊലീസുകാരെ ശിക്ഷിച്ചതായി പരാതി. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. വൈകിയെത്തിയ നാലു പൊലീസ് ഉദ്യോഗസ്ഥരോട് തൊപ്പിയും ബെല്‍റ്റും അഴിച്ച് പ്രതിക്കൂട്ടില്‍ നില്ക്കാന് കോടതി ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കാനാണ് എആര്‍ ക്യാമ്പിലെ നാലു പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. മൂന്നാം നമ്പര്‍ കോടതിയിലായിരുന്നു പ്രതിയെ ഹാജരാക്കേണ്ടത്. ജഡ്ജി അവധിയിലായതിനെത്തുടര്‍ന്ന് കേസ് രണ്ടാം നമ്പര്‍ കോടതിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പ്രതിയെയും കൊണ്ട് കോടതിയിലെത്തിയപ്പോള്‍ അല്പം വൈകി. ഇതേത്തുടര്‍ന്നാണ് പ്രതിക്കൊപ്പം പൊലീസുകാരെയും തൊപ്പിയും ബെല്‍റ്റും അഴിപ്പിച്ച് പ്രതിക്കൂട്ടില്‍ നിര്‍ത്തിച്ചത് എന്ന് പൊലീസുകാര്‍ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ എ.ആര് ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് ജെ.സുരേഷ്കുമാറിന് പൊലീസുകാര്‍ പരാതി നല്കി. സംഭവം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എസ്പി അശോക് പറഞ്ഞു. പൊലീസുകാര്‍ തെറ്റു ചെയ്താല്‍ നടപടിയെടുക്കാന്‍ ചട്ടമുണ്ട്. എന്നാല്‍ അവരെ ബലമായി തൊപ്പിയും ബെല്‍റ്റും അഴിപ്പിച്ച് പ്രതികള്‍ക്കൊപ്പം കൂട്ടില്‍ നിര്‍ത്തിയ നടപടി അംഗീകരിക്കാനാവില്ലെന്നും നിയമവിരുദ്ധമാണെന്നും എസ്.പി അശോക് പറഞ്ഞു.
Post Your Comments