Latest NewsIndia

ചരിത്രം കുറിച്ച് കുംഭമേളവേദിയില്‍ യു.പി. മന്ത്രിസഭായോഗം

ലഖ്‌നൗ: കുഭമേള നടക്കുന്ന പ്രയാഗ്‌രാജില്‍ പ്രത്യേകയോഗം ചേര്‍ന്ന് ഉത്തര്‍പ്രദേശ് മന്ത്രിസഭ ചരിത്രം കുറിച്ചു.

പഴയ അലഹബാദിനേയും പടിഞ്ഞാറന്‍ യു.പി.യേയും ബന്ധിപ്പിച്ചുകൊണ്ട് 36000 കോടിരൂപയുടെ അതിവേഗപ്പാത നിര്‍മിക്കുമെന്ന് യോഗശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ഗംഗ എക്‌സ്പ്രസ് ഹൈവേ എന്ന പേരില്‍ 600 കിലോമീറ്റര്‍ നീളത്തിലാകും പാത നിര്‍മിക്കുക. ഇതിനായി 6,556 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. പ്രയാഗ്‌രാജ് മുതല്‍ മീററ്റ് വരെ നീളുന്ന അതിവേഗപ്പാത ഇത്തരത്തിലുള്ളവയില്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതായിരിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

രാജ്-പ്രതാപ്ഗഢ്-റായ്ബറേലി-ഉന്നാവ്-കനൂജ്-ഷാജഹാന്‍പുര്‍-ബദൗന്‍-ബുലന്ദ്ശഹര്‍-അമ്രോഹ-മീററ്റ് എന്നീ മേഖലയിലൂടെയാണ് പാത നിര്‍മിക്കുക. മധ്യപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന യു.പിയിലെ ബുന്ദേല്‍ഖണ്ഡ് മേഖലയെ പാതയുമായി ബന്ധിപ്പിക്കും. 289 കിലോമീറ്ററില്‍ ബുന്ദേല്‍ഖണ്ഡ് അതിവേഗപ്പാതയും ഗോരഖ്പുരിനെ ബന്ധിപ്പിക്കുന്ന 90 കിലോമീറ്റര്‍ പൂര്‍വാഞ്ചല്‍ അതിവേഗപ്പതയും നേരത്തെ യു.പി. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉറി എന്ന പേരില്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമയ്ക്ക് ജി.എസ്.ടി. ഒഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. രാമജന്മഭൂമി ന്യാസിന് വേണ്ടി അയോധ്യയിലെ ബാബറി മസ്ജിദിനടുത്തുള്ള തര്‍ക്കരഹിതഭൂമി വിട്ടുനല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ യോഗി ആദിത്യനാഥ് സ്വാഗതം ചെയ്തു.

1962-ല്‍ നൈനിത്താളില്‍ യു.പി. മന്ത്രിസഭായോഗം ചേര്‍ന്നത് ഒഴിച്ചാല്‍ ആദ്യമായാണ് തലസ്ഥാനനഗരിയായ ലഖ്;നൗവിന് പുറത്ത് സമ്മേളിക്കുന്നത്. യോഗത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ത്രിവേണീസംഗമത്തില്‍ സ്‌നാനവും നടത്തി. ഇത്തവണത്തെ കുംഭമേളയെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമവേദിയായി അവതരിപ്പിച്ചാണ് യോഗി സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button