തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന ബിജെപി നിര്‍ദ്ദേശം ഇന്ന് ചേരുന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. വിജയസാധ്യതയുള്ള സീറ്റ് നല്‍കണമെങ്കില്‍ തുഷാര്‍
തന്നെ മത്സരിക്കണമെന്നാണ് ബിജെപിയുടെ തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റെങ്കിലും ഇല്ലാതെ പറ്റില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാര്‍ട്ടി.
അതേസമയം ഈ സീറ്റുകളില്‍ ഒന്നില്‍ ജയസാധ്യത മുന്‍നിര്‍ത്തി ബിജെപി മുന്‍ഗണന കൊടുക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവയില്‍ ഏതെങ്കിലും വേണമെന്നും ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരവും പത്തനംതിട്ടയും നല്‍കാന്‍ ബിജെപി തയ്യാറല്ല. അതേസമയം തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കുകയാണെങ്കില്‍ തൃശൂരോ പാലക്കോടോ, കോഴിക്കോടോ തരാമെന്നാണ് ബിജെപി വച്ച നിര്‍ദ്ദേശം. തൃശൂരില്‍ കെ.സുരേന്ദ്രനു വേണ്ടി ശക്തമായി സമ്മര്‍ദ്ദം ചെലുത്തുകയാണ് ബിജെപി ജില്ലാ ഘടകം.
ചര്‍ച്ചകള്‍ കൊഴുക്കുമ്പോളും മത്സരിക്കുന്ന കാര്യത്തില്‍ തുഷാറിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. കൂടാതെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനും ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയുമായ സുഭാഷ് വാസുവും സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന നിലപാടിലാണ്.
Post Your Comments