കോഴിക്കോട്: കോഴിക്കോടിന്റെ രുചിപ്പെരുമക്ക് മാറ്റുകൂട്ടി നഗരത്തിലെ പ്രമുഖരായ ഹോട്ടലുകള്‍ അണിനിരന്ന സല്‍ക്കാര്‍ ഭക്ഷ്യമേള വൈവിധ്യങ്ങളുടെ ഉത്സവമായി. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് സ്വപ്ന നഗരിയില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചത്.
സുരക്ഷിത ഭക്ഷണം സൗഹൃദ സേവനം എന്ന പ്രമേയത്തില്‍ ഒരുക്കിയ മേളയില്‍ നാടന്‍രുചികള്‍ക്കൊപ്പം ഉത്തരേന്ത്യന്‍, അറേബ്യന്‍, ചൈനീസ്, സിറിയന്‍ ഭക്ഷണങ്ങളും ശ്രദ്ധനേടി. കോഴിക്കോട്ടെ പ്രമുഖരായ എല്ലാ ഹോട്ടലുകളും റസ്റ്റോറന്റുകളും അവരുടെ വിശേഷ വിഭവവുമായി എത്തിയിരുന്നു. ഇത് മേളക്കെത്തിയ ഭക്ഷണപ്രിയര്‍ക്ക് നവ്യാനുഭവമായി. അഞ്ചുതരം ചായകളുമായി ആദാമിന്റെ ചായക്കട ചായപ്രിയരുടെ കേന്ദ്രമായി. കുറ്റിച്ചിറ വിഭവങ്ങളുമായി സൈനുത്താത്തയും എത്തിയിരുന്നു. നാനാതരം ബിരിയാണികള്‍, ചിക്കന്‍ വിഭവങ്ങളുടെ വൈവിധ്യം, മല്‍സ്യവിഭവങ്ങള്‍ തുടങ്ങിയവയും ഭക്ഷണപ്രിയര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വൈവിധ്യമുള്ള ദോശകള്‍, പുതുരുചി ചാലിച്ച കേക്കുകള്‍, വിവിധതരം പായസം എന്നിവക്കു പുറമെ കോഴിക്കോടന്‍ കടലോരത്തിന്റെ ഹരമായ ഉപ്പിലിട്ടതും ഐസ് സര്‍ബത്തും മേളയെ സജീവമാക്കി. ചീരാമുളക് സര്‍ബത്ത് മേളയുടെ താരമായി. ഭക്ഷ്യമേളയോടനുബന്ധിച്ച് ഒരുക്കിയ ഒഫീര്‍ ഫെസ്റ്റും ശ്രദ്ധേയമായി. മുന്‍കാലങ്ങളില്‍ കോഴിക്കോട്ട് തമ്പടിച്ച ജനവിഭാഗങ്ങളുടെ ഭക്ഷണവൈവിധ്യം തനിമയോടെ അവതരിപ്പിച്ച കൗണ്ടറുകളാണ് ഒഫീര്‍ ഫെസ്റ്റില്‍ ഒരുക്കിയത്.
മാപ്പിള ഭക്ഷണ വൈവിധ്യങ്ങള്‍, തിയ്യ, ക്രിസ്ത്യന്‍, അയ്യര്‍, കുറിച്യര്‍ രൂചികള്‍ എന്നിവക്കു പുറമെ കൊങ്കിണി, മാര്‍വാഡി, ഭട്കല്‍ ഭക്ഷണവിഭവങ്ങളും തനതായ രീതിയില്‍ തയ്യാറാക്കി നല്‍കിയത് പുതിയ അനുഭവമായി. അതത് വിഭാഗത്തില്‍ പരമ്പരാഗത വേഷമണിഞ്ഞവരാണ് ഭക്ഷണം വിളമ്പിയത്. പറഞ്ഞുകേട്ടതും വായിച്ചറിഞ്ഞുതുമായ വിഭവങ്ങള്‍ രുചിക്കാന്‍ വന്‍തിരക്കായിരുന്നു. ഇതിനു പുറമെ ഷാപ്പുകറിയും കോഴിക്കോടന്‍ പലഹാരങ്ങളും അണിനിരന്നു. മേള ഇന്ന് സമാപിക്കും.
Post Your Comments