അമ്പലപ്പുഴ: ആറ്റില്‍ മുങ്ങിത്താണ് അമ്മൂമ്മയെ രക്ഷിച്ച് ആറാം ക്ലാസ്സുകാരന്‍. പുന്നപ്ര തെക്ക് പുത്തന്‍പുരക്കല്‍ റോബര്‍ട്ടിന്റേയും ജിന്‍സിയുടേയും മകനായ റോജിനാണ് സ്വന്തം ജീവന്‍ പണയം വച്ച് അമ്മൂമ്മയെ രക്ഷിച്ചത്. ആറു ദിവസം മുമ്പാണ് റോജിന്റെ അപ്പൂപ്പന്‍ കരിച്ചിറ വാളേക്കാട് വീട്ടില്‍ വി.ജെ.ജോസഫ് മരിച്ചത്. അദ്ദേഹത്തിന്റെ കുഴിമാടത്തില്‍ പ്രാര്‍ഥിക്കാന്‍ പോകുമ്പോള്‍ ജോസഫിന്റെ ഭാര്യ മറിയാമ്മയും (60) പുന്നപ്ര യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ പേരക്കുട്ടി റോജിനും (11) ഇന്നലെ വള്ളംമുങ്ങി അപകടത്തില്‍പ്പെടുകയായിരുന്നു.
പൂക്കൈതയാറിന്റെ അക്കരെ ചെമ്പുംപുറം നര്‍ബോനപുരം പള്ളിയിലേയ്ക്കാണിവര്‍ പോയത്. ജോസ്ഫ് മരിച്ചതുമുതല്‍ നിത്യവും ഇവിടെ പ്രാര്‍ത്ഥനക്കെത്തിയിരുന്ന മറിയാമ്മ റോജിനേയും ഒപ്പം കൂട്ടാറുണ്ടായിരുന്നു. ഇന്നലെ രാവിലെ 6.45 നു യാത്ര പുറപ്പെട്ട ഇരുവരും നദിയിലൂടെ അല്‍പദൂരം തുഴഞ്ഞപ്പോഴേക്കും അമിതവേഗത്തിലെത്തിയ വഞ്ചിവീട് ഇവരുടെ വള്ളത്തിലിടിച്ചു കടന്നുപോകുകയായിരുന്നു.
എന്നാല്‍ ഇവര്‍ ആറ്റില്‍ മറിഞ്ഞു വീണിട്ടും വഞ്ചിവീട് നിര്‍ത്താതെ പോകുകയായിരുന്നു. ഇരുവര്‍ക്കും നീന്തല്‍ അറിയാമായിരുന്നു. എന്നാല്‍ മറിയാമ്മയുടെ സാരി കാലില്‍ കുരുക്കായി വീണതോടെ അവര്‍ക്ക് നീന്താന്‍ സാധിച്ചില്ല. ഇതുകണ്ട റോജന്‍ റോജിന്‍ ഇടംകൈ വള്ളത്തിലും വലംകൈ അമ്മൂമ്മയുടെ കൈയിലുമായി പിടിച്ചു കരയിലേക്കു നീന്താന്‍ തുടങ്ങി. കരയിലെത്തിയ ശേഷം വീട്ടിലേക്കു മടങ്ങിയ ഇരുവരും വസ്ത്രം മാറി അതേ വള്ളത്തില്‍ വീണ്ടും പള്ളിയിലേക്കു പോയി.
എനിക്കു നീന്തി രക്ഷപ്പെടാം. അമ്മൂമ്മയെക്കൂടി കരയ്‌ക്കെത്തിക്കണമെന്നായിരുന്നു ആഗ്രഹമെന്നും സംഭവത്തിനു ശേഷം റോജിന്‍ പറഞ്ഞു.
Post Your Comments