ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ രാഹുല്‍ ദ്രാവിഡിന്റെ മറ്റൊരു പതിപ്പ് എന്ന നിലയിലും കളിക്കകത്തും പുറത്തുമെല്ലാം കാര്യങ്ങളെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിട്ടോടെ കാണുന്ന ഒരു വ്യക്തി എന്ന നിലയിലും ഇടം പിടിച്ച ആളാണ് ചേതേശ്വര്‍ പൂജാര.ആസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ചരിത്ര ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നില്‍ പുജാരയുടെ ബാറ്റ് നിര്‍ണായകമായിരുന്നു. ദ്രാവിഡിന് ചാര്‍ത്തിക്കൊടുത്ത വന്‍മതില്‍ എന്ന വിശേഷണമാണ് പുജാരക്കും ഇപ്പോള്‍ ക്രിക്കറ്റ് ലോകം നല്‍കിയിരിക്കുന്നത്.
എന്നാല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാണികള്‍ക്ക് പുജാര ഇപ്പോള്‍ ചതിയനാണ്. രഞ്ജി ട്രോഫി സെമിയില്‍ കര്‍ണാടകയ്ക്കെതിരായ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാനെത്തിയ സൗരാഷ്ട്ര താരമായ പുജാരയെ ചതിയന്‍ എന്ന് വിളിച്ചാണ് കാണികള്‍ വരവേറ്റത്. അതിനൊരു കാരണമുണ്ട്. ആദ്യ ഇന്നിങ്സില്‍ പുജാര ഔട്ടായിട്ടും ക്രീസ് വിട്ടില്ല എന്നതാണ് കാരണം. മിഥുന്‍ ആയിരുന്നു ബൗളര്‍. മിഥുനിന്റെ മികച്ചൊരു പന്ത് പുജാരയുടെ ഗ്ലൗസില്‍ തട്ടി വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. ഗ്ലൗസിലുരസുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. കമന്റേറ്റര്‍മാരും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ എന്തുകൊണ്ടോ അമ്പയര്‍ ഔട്ട് വിളിച്ചില്ല. അതോടെ പുജാര ബാറ്റിങ് തുടര്‍ന്നു. ഔട്ടാണെന്ന് ഉറപ്പായിട്ടും അമ്പയറുടെ തീരുമാനത്തിന് കാത്ത് നിന്നതാണ് കര്‍ണാടക ആരാധകരെ ചൊടിപ്പിച്ചത്. അതേസമയം വീഡിയോ പുറത്തായതിന് പിന്നാലെ പുജാരയെപ്പോലൊരു ബാറ്റ്സ്മാന്‍ ഇങ്ങനെയാവരുതെന്ന വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. സത്യസന്ധമായിരിക്കണം കളി എന്നും ഇക്കൂട്ടര്‍ പങ്കുവെക്കുന്നു. എന്നാല്‍ പുജാരയെ അനുകൂലിക്കുന്ന ട്വീറ്റുകളും പ്രവഹിക്കുന്നുണ്ട്.
Post Your Comments