കുവൈറ്റ് സിറ്റി : കുവൈറ്റിൽ തണുപ്പ് കൂടുന്നു. രാജ്യത്തിന്റെ മിക്ക മേഖലകളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അഞ്ചു ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. കാലാവസ്ഥയിൽ കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതൽ മാറ്റം അനുഭവപ്പെട്ടു തുടങ്ങിയതായും താപനിലയിൽ കാര്യമായ കുറവുണ്ടായതായും കുവൈത്ത് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മേധാവി യാസർ അൾ ബലൂഷി അറിയിച്ചു.
അതേസമയം രാജ്യത്ത് മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും കടലിൽ ഏഴുമീറ്റർ ഉയരത്തിൽ തിരമാല ഉയരാനും പൊടിക്കാറ്റുമൂലം 1000 മീറ്റർ ചുറ്റളവിൽ ദൃശ്യപരിധി കുറയാനും സാധ്യത. 14 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയാണ് ഉച്ചസമയത്ത് പ്രതീക്ഷിക്കുന്ന കൂടിയ താപനില. രാത്രിയിലും കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നും ജനങ്ങൾ വേണ്ടത്ര ജാഗ്രത പുലർത്തണമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
മണിക്കൂറിൽ 15-40 കിലോമിറ്റർ വേഗത്തിൽ വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ കടലിൽപോകുന്നവർ വേണ്ട ജാഗ്രത പുലർത്തണമെന്നും രാത്രികാലങ്ങളിൽ പുറത്തുപോകുന്നവർ കരുതിയിരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Post Your Comments