കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ സാക്ഷികളായ കന്യാസ്ത്രീകളെ സ്ഥലംമാറ്റുന്ന സംഭവത്തിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേസ് നിരന്തരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സാക്ഷികളായതിനാൽ നിരന്തരം ഭീഷണി നേരിടുന്നുണ്ടെന്ന് കന്യാസ്ത്രീകൾ കത്തിൽ വ്യക്തമാക്കി. കുറവിലങ്ങാട് മഠത്തിൽ തുടരാൻ അനുവദിക്കണമെന്നും തങ്ങളെ സ്ഥലംമാറ്റിയത് സമ്മര്‍ദ്ദത്തിലാക്കാനാണെന്നും കന്യാസ്ത്രീകൾ പറയുന്നു.
ചികിത്സയ്ക്കും യാത്രയ്ക്കും പോലും മഠത്തിൽനിന്ന് പണം നൽകുന്നില്ലെന്നും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും കന്യാസ്ത്രീകൾ പറഞ്ഞു.ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം നടത്തിയ കന്യാസ്ത്രീകള്‍ക്കെതിരെയാണ് പ്രതികാര നടപടിയുണ്ടായത്. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ അഞ്ച് കന്യാസ്ത്രീകളേയും സഭ സ്ഥലം മാറ്റുകയായിരുന്നു.
സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ജോസഫിന്‍,ആല്‍ഫി, നീന റോസ് എന്നിവര്‍ക്കെതിരെയാണ് പ്രതികാര നടപടി. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ റജീന കടംതോട്ടാണ് കന്യാസ്ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
Post Your Comments