ഗാന്ധിനഗർ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരവരുടെ നിലനിൽപ്പിനായി പ്രതിപക്ഷ കക്ഷികൾ പരിശ്രമിക്കുന്പോൾ താൻ രാജ്യത്തിന്റെ താൽപര്യത്തിനാണു നിലകൊള്ളുന്നതെന്നു നരേന്ദ്ര മോദി പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ചു എന്നാണവർ അവകാശപ്പെടുന്നത്. എന്നാൽ അങ്ങനെ ഒന്നുമുണ്ടായിട്ടില്ല. ഒരുമിച്ചവർ എല്ലാം അധികാര തർക്കം തുടങ്ങി കഴിഞ്ഞു. അഴിമതിക്കെതിരായ തന്റെ നടപടികൾ ചിലരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അവർ പ്രകോപിതരായെങ്കിൽ അത് സ്വാഭാവികം മാത്രം. സര്‍ക്കാര്‍ ഖജനാവിലെ പണം കൊള്ളയടിക്കാന്‍ ഞാന്‍ അനുവദിക്കാത്തതിനാൽ ഇവരെല്ലാം ഒരുമിച്ചു കൂടി. അതിന്റെ പേരാണ് വിശാല സഖ്യം. ബിജെപിക്ക് എതിരെയല്ല, രാജ്യത്തെ ജനങ്ങൾക്ക് എതിരാണ് വിശാല സഖ്യമെന്നും വരുന്ന പൊതുതെരഞ്ഞടുപ്പിൽ മഹാസഖ്യം വിജയിക്കാൻ പോകുന്നില്ലല്ലെന്നും മോദി പറഞ്ഞു.
Post Your Comments