കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സര്‍ക്കാരിന്റെ നിര്‍ണായക നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. യോഗത്തില്‍ മുഴുവന്‍ എം.എല്‍.എമാരും പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവകാശവാദം.
ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ഇന്ന് നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണ് പ്രതീക്ഷ. മുംബൈയിലെത്തി ബി.ജെ.പിയുമായി ആശയവിനിമയം നടത്തിയ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ രണ്ട് പേരെ തിരിച്ചെത്തിച്ചതോടെയാണ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പി നീക്കത്തിന് തിരിച്ചടിയായത്. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം ഇന്ന് വൈകിട്ട് മൂന്നിന് വിധാന്‍ സൌദയില്‍ ചേരും. മുഴുവന്‍ എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.
സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പിയുടെ ഓപ്പറേഷന്‍ ലോട്ടസ് പരിപാടിയെ കോണ്‍ഗ്രസ് ശക്തമായി നേരിട്ടു തുടങ്ങിയതോടെയാണ് ബി.ജെ.പി നീക്കങ്ങള്‍ പാളിയത്. കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച് ബി.ജെ.പി നടത്തിയ ഓപ്പറേഷന്‍ ലോട്ടസ് പദ്ധതി പരാജയത്തിലേക്ക് പര്യവസാനിക്കുകയാണ്.
Post Your Comments