CricketLatest News

ചരിത്രനേട്ടത്തിനരികെ കേരളം: രഞ്ജി ട്രോഫിയില്‍ കേരളം സെമിയില്‍

കൃഷ്ണഗിരി: കൃഷ്ണഗിരിയില്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ കേരളം-ഗുജറാത്ത് ക്വാര്‍ട്ടര്‍ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. കേരളം സെമിയിലേക്ക് കടന്നു. കേരളത്തിനെതിരെ ഗുജറാത്തിന് ഒന്‍പത് വിക്കറ്റ് നഷ്ടമായി. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ വീഴ്ത്തിയാണ് കേരളത്തിന്റെ ചരിത്ര നേട്ടം. 195 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ പേസര്‍മാരുടെ മികവില്‍ കേരളം 81 റണ്‍സിന് എറിഞ്ഞിട്ടു. 114 റണ്‍സിന്റെ ജയവുമായി കേരളം ആദ്യമായി സെമിയിലേക്ക്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും നാല് വിക്കറ്റെടുത്ത സന്ദീപ് വാര്യരും ചേര്‍ന്നാണ് ഗുജറാത്തിനെ തകര്‍ത്തത്.

സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സെത്തിയപ്പോഴെ ഓപ്പണര്‍ കഥന്‍ ഡി പട്ടേലിനെ(5) ബൗള്‍ഡാക്കി ബേസില്‍ ഗുജറാത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പഞ്ചലിനെയും(3) ബേസില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഗുജറാത്ത് സമ്മര്‍ദ്ദത്തിലായി. ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലിനെ(0) കേരളാ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി റണ്ണൗട്ടാക്കിയതിന് പിന്നാലെ ഭട്ടിനെ(0) സന്ദീപ് വാര്യരും മടക്കിയതോടെ ഗുജറാത്ത് 18/4 എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രാഹുല്‍ വി ഷായും(33നോട്ടൗട്ട്), ധ്രുവ് റാലും(17) ചേര്‍ന്ന് ചെറിയൊരു ചെറുത്തുനില്‍പ്പ്. ധ്രുവ് റാവലിനെ ബേസില്‍ തമ്പി തന്നെ മടക്കിയതോടെ ഗുജറാത്തിന്റെ പോരാട്ടം തീര്‍ന്നു. പിന്നാലെ കലാരിയ(2)യെ കൂടി മടക്കി ബേസില്‍ വീണ്ടും ആഞ്ഞടിച്ചു. അക്‌സര്‍ പട്ടേലിനെ(2)യും പിയൂഷ് ചൗളയെയും(4) സന്ദീപ് വാര്യരും വീഴ്ത്തിയതോടെ ഗുജറാത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.

തുടര്‍ച്ചയായി രണ്ടുവട്ടം ക്വാര്‍ട്ടറിലെത്തിയ കേരളത്തിന്റെ ആദ്യ സെമിഫൈനല്‍ പ്രവേശനമാണിത്. ക്രിക്കറ്റില്‍ രാജ്യത്തെ മുന്‍നിര ടീമിുകളിലൊന്നാവാനും ഈ നേട്ടത്തോടെ കേരളത്തിന് കഴിഞ്ഞു. ക്വാര്‍ട്ടറിലെത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഹിമാചലിനെതിരെ അവിശ്വസനീയ ജയം നേടിയാണ് കേരളം കുതിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button