ബേപ്പൂര്‍: സിപിഐ എം പ്രവര്‍ത്തകന്റെ വീട്ടില്‍ റീത്തുവച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബേപ്പൂര്‍ വെസ്റ്റ് മാഹി കരിപ്പാലിനിലം വയല്‍ രാഗേഷ് (33), ബേപ്പൂര്‍ കയ്യടിത്തോട് തേറമ്പാട്ടില്‍ അനൂപ് (25) എന്നിവരെയാണ് മാറാട് സബ് ഇന്‍സ്‌പെക്ടര്‍ കെ എക്‌സ് തോമസും സംഘവും പിടികൂടിയത്. ബേപ്പൂര്‍ നടുവട്ടം ലോക്കലിലെ സിപിഐ – എം മാറാട് കയ്യടിത്തോട് ബ്രാഞ്ച് അംഗം പൂണാര്‍ വീട്ടില്‍ ഷിബുവിന്റെ വീട്ടുവരാന്തയിലാണ് വധഭീഷണിയുയര്‍ത്തി റീത്ത് വച്ചത്.
പിടിയിലായ രാഗേഷ് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ എന്നിവയുടെ പ്രധാന ഭാരവാഹിയും അനൂപ് ഹനുമാന്‍ സേന പ്രവര്‍ത്തകനും വധശ്രമക്കേസിലുള്‍പ്പെടെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് ഇരുവരെയും പിടികൂടിയത്. കോഴിക്കോട് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ബേപ്പൂര്‍ മേഖലയില്‍ സാമുദായിക സ്പര്‍ധ വളര്‍ത്തി കലാപം പടര്‍ത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രദേശത്ത് സിപിഐ എമ്മിന്റെ കെടിമരവും മറ്റും നശിപ്പിച്ചതും രാഗേഷാണെന്ന് സമ്മതിച്ചിട്ടുണ്ട്.
രണ്ടു പേരും കോഴിക്കോട് ടൗണ്‍ കേ ന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘപരിവാറിന്റെ ക്രിമിനല്‍ സംഘത്തിലെ പ്രധാനികളാണ്. പിടിയിലായവര്‍ക്കു പുറമെ ക്രിമിനലുകളായ ഏതാനും പേര്‍ കൂടി കേസിലും ഗൂഢാലോചനയിലും പ്രതികളാണ്. ഇവര്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കോഴിക്കോട് പാളയം മാരിയമ്മന്‍ കോവിലിനു സമീപത്തെ പൂക്കടയില്‍ നിന്നാണ് റീത്ത് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സമീപത്തെ കടയിലെ സിസിടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സംശയം തോന്നിയവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. വീട്ടുവരാന്തയില്‍ റീത്ത് വച്ച ശേഷം പരിസരമാകെ മുളകുപൊടിയും വിതറിയിരുന്നു.
Post Your Comments