NewsIndia

ഹെലിപാഡിനായി വെട്ടിയത് ആയിരക്കണക്കിന് മരത്തൈകള്‍

 

ഭുവനേശ്വര്‍: ഒഡീഷ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലിക്കോപ്റ്റര്‍ ഇറക്കുന്നതിന് ഹെലിപാഡിനായി ആയിരത്തിലേറെ മരങ്ങള്‍ മുറിച്ചുമാറ്റി. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് മരങ്ങള്‍ മുറിച്ചത്. മോദിയുടെ ഒഡീഷ സന്ദര്‍ശനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് മരംമുറി വിവാദം ഉയര്‍ന്നിരിക്കുന്നത്. ബലാന്‍ഗിര്‍ ജില്ലയിലെ ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള സ്ഥലത്തായിരുന്നു സംഭവം.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ബലാന്‍ഗീര്‍ ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ സമീര്‍ സത്പതി വ്യക്തമാക്കി. എത്ര മരങ്ങള്‍ വെട്ടി നശിപ്പിച്ചുവെന്ന് കണക്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തുമെന്നും വനംവകുപ്പ് അറിയിച്ചു.സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മരതൈകള്‍ മുറിച്ചു മാറ്റാന്‍ നിര്‍ദേശം ലഭിച്ചതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

2016ല്‍ അര്‍ബന്‍ പ്ലാന്റേഷന്‍ പ്രോഗ്രാം പ്രകാരം 2.25 ഹെക്ടറിലായിരുന്നു തൈകള്‍ നട്ടത്. ജനുവരി 15ന് പുതിയ റെയില്‍ പാത ഉദ്ഘാടനം ചെയ്യാനും ബിജെപി റാലിയില്‍ പങ്കെടുക്കാനുമായി മോദി എത്തുന്ന സാഹചര്യത്തിലാണ് ഹെലിപാഡ് ഒരുക്കുന്നതിനായി 1.25 ഹെക്ടറിലെ തൈകള്‍ വെട്ടി നശിപ്പിച്ചത്.

വളര്‍ച്ചയാരംഭിച്ച ഏഴടിയോളം ഉയരമുള്ള തൈകളാണ് വെട്ടി മാറ്റിയത്. 1000ത്തിനും 1200നും ഇടയ്ക്ക് തൈകള്‍ നശിപ്പിച്ചതായി സത്പതി പറഞ്ഞു. ഹെലിപാഡ് ഒരുക്കാന്‍ വേറെ സ്ഥലം ലഭ്യമാകാതിരുന്നതിനാലാണ് അവിടെ സ്ഥലം ഒരുക്കിയതെന്നാണ് സുരക്ഷാ ചുമതലയിലുളള പൊലീസ് ഉദ്യോഗസ്ഥരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button