ഡല്‍ഹി: ചട്ടങ്ങള്‍ അട്ടിമറിച്ച് മൈക്രോവേവ് സ്‌പെക്ട്രം ലൈസസന്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദി സുഹൃത്തുക്കള്‍ക്ക് നല്‍കിയെന്ന് കോണ്‍ഗ്രസ്. 69381 കോടിയുടെ അഴിമതി നടന്നതായും അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആവശ്യപ്പെട്ടു. മോദി ഭരണത്തിനിടെ നടന്നത് 3 സ്‌പെക്ട്രം അഴിമതികളാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കഴിഞ്ഞ ആഴ്ച സി.എ.ജി പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് ആരോപണങ്ങള്‍. 2015ലെ മെക്രോവേവ് സ്‌പെക്ട്രം ലൈസന്‍സ് രണ്ട് കമ്പനികള്‍ക്ക് നല്‍കിയത് ലേലം നടത്താതെയാണെന്നും ഇത് നഷ്ടമുണ്ടാക്കി എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 101 അപേക്ഷകള്‍ വന്നിട്ടും ലേലം നടത്താതെ മോദി സര്‍ക്കാര്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ലൈസന്‍സ് സുഹൃത്തുക്കള്‍ക്ക് നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. റിലയന്‍സ് ജിയോ, സിസ്റ്റെമാ ശ്യാം ടെലി സര്‍വീസ് എന്നിവക്ക്, ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന രീതി വച്ച് ലൈസന്‍സ് നല്‍കി. ഇതിലൂടെ 69,381 കോടിയുടെ നഷ്ടമുണ്ടായി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആവശ്യപ്പെട്ടു.
2012ലെ സുപ്രീംകോടതി ഉത്തരവില്‍ ലേലം വേണമെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇത് തള്ളിയാണ് മോദി സര്‍ക്കാറിന്റെ നീക്കം. സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഗുണമുണ്ടാക്കുന്നതിലാണ് മോദിയുടെ ശ്രദ്ധ. മോദി സര്‍ക്കാരിന്റെ വിശ്വാസ വഞ്ചനയും ടെലിക്കോം സെക്ടറിലെ അഴിമതിയും സുതാര്യത കുറവും വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടെന്നും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.
Post Your Comments