വെള്ളിയാഴ്ച്ച തന്റെ 46ാം പിറന്നാള്‍ ആഘോഷിച്ച സൗമ്യനായ ഇന്ത്യയുടെ സ്വന്തം ‘മിസ്റ്റര്‍ കൂളി’ന് വ്യത്യസ്തമായ പിറന്നാള്‍ ആശംസ നേര്‍ന്ന് ശ്രദ്ധ നേടിയിരിക്കുകയാണ് ഐ.പി.എല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സി.ഇ.ഒ വെങ്കി മൈസൂര്‍. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പണിത വന്‍മതിലിനെ കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റ ട്വീറ്റിന് കീഴില്‍ മറുപടിയായി കൊണ്ടാണ് വെങ്കി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ‘വന്‍മതിലാ’യ രാഹുല്‍ ദ്രാവിഡിന് പിറന്നാള്‍ ആശംസ നേര്‍ന്നത്.
മധ്യ അമേരിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയുന്നതിനുള്ള ട്രംപിന്റെ പദ്ധതിയായിരുന്നു അമേരിക്ക-മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെയുള്ള സുരക്ഷാ മതില്‍. എന്നാല്‍ അതീവ ഗൗരവത്തോടെ ഇട്ട ഈ ട്വീറ്റിന് മറുപടിയായാണ് വെങ്കി ഇന്ത്യന്‍ വന്‍മതിലിന് പിറന്നാള്‍ ആശംസ നേര്‍ന്നത്. ‘ക്ഷമിക്കണം മിസ്റ്റര്‍ പ്രസിഡന്റ്, ഞങ്ങളുടെ മതില്‍ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഇന്നദ്ദേഹത്തിന്റെ പിറന്നാളാണ്. ഞങ്ങളുടെ യഥാര്‍ത്ത ചാമ്പ്യന്‍, രാഹുല്‍ ദ്രാവിഡിന് പിറന്നാളാശംസകള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്.
ക്രീസിനകത്തെ ശൗര്യം കൊണ്ടും, ഫീല്‍ഡിന് പുറത്തെ സൗമ്യവും മാന്യവുമായമായ പെരുമാറ്റം കൊണ്ടും ആരാധകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു രാഹുല്‍ ദ്രാവിഡ്. സച്ചിന്‍, സൗരവ്, ലക്ഷമണ്‍, ദ്രാവിഡ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീം, ഇന്ത്യയുടെ സുവര്‍ണ്ണ കാലമായാണ് അറിയപ്പെടുന്നത്. ദ്രാവിഡ് കോച്ചായ അണ്ടര്‍19 ടീമിനെ ന്യൂസിലന്‍ഡില്‍ വെച്ച് നടന്ന ലോകകപ്പില്‍ കിരീടം ചൂടിച്ചുകൊണ്ട് വിരമിച്ചതിന് ശേഷവും തന്റെ പ്രതിഭ രാജ്യത്തിനായി സമര്‍പ്പിക്കുകയും രാജ്യത്തിന്റെ യശസ്സുയര്‍ത്തുകയും ചെയ്തു.
Post Your Comments