കുഞ്ചാക്കോ ബോബനും നിത്യാമേനോനും 7 വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. ചെന്നൈയില്‍ ഒരുനാള്‍ എന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ ഷഹീദ് കാദര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2012ല്‍ പോപ്പിന്സായിരുന്നു ഇവരുടെ അവസാന ചിത്രം.
രാജേഷ് പിള്ളയുടെ ട്രാഫിക്കിന്റെ തമിഴ് പതിപ്പായിരുന്നു ചെന്നൈയില്‍ ഒരുനാള്‍. നേരത്തെ രാജേഷ് പിള്ളയുടെ അസിസ്റ്റന്റായിരുന്നു ഷഹീദ് കാദര്‍. തന്റെ പുതിയ സിനിമയുടെ ചിത്രീകരണം കൊല്‍ക്കത്തയില്‍ ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകന് പറഞ്ഞു.
ഒരു സമ്പൂര്‍ണ സ്പോര്‍ട്സ് സിനിമയാണ് ഷഹീദ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സിനിമയില്‍ സ്പോര്‍ട്സിന് വലിയ പ്രാധാന്യമില്ലെന്നും ഭാര്യാഭര്‍തൃ ബന്ധത്തിന്റെ കഥയാണ് തന്റെ പുതിയ ചിത്രം പറയുന്നതെന്നും സംവിധായകന് പ്രതികരിച്ചു.
കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ചെറുപ്പത്തില്‍ നിരവധി കായിക മത്സരങ്ങളില്‍ പങ്കെടുത്ത ഒരു അത്ലറ്റായിരിന്നു, എന്നാലിപ്പോള്‍ കൊല്‍ക്കത്തയിലെ ട്രാം പാതയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളാണ്.
കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ വേഷത്തിലാണ് നിത്യമേനോന് എത്തുന്നത്. ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നതും സംവിധായകന് ഷഹീദ് തന്നെയാണ്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് നിര്‍മാണം.
വികെ പ്രകാശിന്റെ പ്രാണയും ടി കെ രാജീവ് കുമാറിന്റെ കോളാമ്പിയുമാണ് നിത്യാമേനോന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
Post Your Comments