രാജസ്ഥാൻ: അധികാരത്തിനു വേണ്ടി കർഷകർക്ക് കോൺഗ്രസ്സ് പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയതായി ആരോപണം. കാർഷിക കടങ്ങൾ എഴുതി തള്ളിയ സംസ്ഥാന സർക്കാർ നടപടിയിൽ വൻ അഴിമതി. വായ്പ എടുക്കാത്തവരും ഭവന, വാഹന ലോൺ എടുത്തവരും പട്ടികയിൽ ഉൾപ്പെട്ടെന്ന് ആരോപണം. സംഭവത്തിൽ മൂന്നു ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. വാക്ക് പാലിച്ചെന്ന പാടി നടന്ന കോൺഗ്രസ് നേതാക്കൾ തന്നെ കർഷകരെ വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
അർഹരായവരിൽ ഭൂരിഭാഗവും ഇപ്പോഴും പട്ടികയ്ക്ക് പുറത്താണ്.വായ്പ എടുക്കാത്തവരും മറ്റ് ആവശ്യങ്ങൾക്കായി വായ്പ എടുത്തവരുമാണ് സർക്കാർ തയ്യാറാക്കിയ പട്ടികയിൽ ഭൂരിഭാഗവും. ദുർഗപ്പൂർ ജില്ലയിൽ 1700 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഇതിൽ ഭൂരിഭാഗം പേരും കർഷകരല്ലെന്ന് അന്വേഷണത്തിലൂടെ വ്യക്തമായി. ഇതോടെ പ്രാദേശിക തലത്തിൽ കോൺഗ്രസ് നേതാക്കളുടെ ഒത്താശയോടെ നടന്ന അഴിമതി കഥ പുറത്തായി. നേതാക്കളുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പട്ടികയിൽ ഇടം നേടിയപ്പോൾ പാവപ്പെട്ട കർഷകർ പുറത്തായി.
വിഷയം ഉയർത്തികാട്ടി കർഷകർ പ്രക്ഷോഭം ആരംഭിച്ചു. സമരത്തിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളിൽ നിന്നാണ് കർഷകർ വായ്പ എടുത്തത്. എന്നാൽ ചില കോർപ്പറേറ്റ് ബാങ്കുകളിലെ വായ്പകളും എഴുതി തള്ളാനായി കണക്കിൽ പെടുത്തിയിട്ടുണ്ട്. ഇതോടെ കൊൺഗ്രസ് നേതാക്കളും ചില ബാങ്ക് ഉദ്യോഗസ്ഥരും ചേർന്ന് കർഷകരെ കബളിപ്പിച്ചെന്നാണ് സൂചന . അഴിമതിക്ക് സംസ്ഥാനത്തെ ചില മന്ത്രിമാരും കുട പിടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഡിസംബർ 31 കണക്കാക്കി 2 ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങളാണ് എഴുതി തള്ളിയത്. കടം എഴുതി തള്ളിയ കോൺഗ്രസ് സർക്കാർ നടപടി വൻ തട്ടിപ്പാണെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ ഉന്നത തല അന്വഷണത്തിന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉത്തരവിട്ടു. കർഷകരുടെ നേതാവാണെന്ന് പാടി നടക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രതിഛായയ്ക്കേറ്റ വൻ തിരിച്ചടിയാണ് രാജസ്ഥാനിൽ നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ.
Post Your Comments