KeralaLatest NewsUAE

ബുര്‍ജ് ഖലീഫയില്‍ ഏറ്റവുമധികം അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കിയിട്ടുള്ളവരില്‍ ഈ മലയാളിയും

ദുബായ്: ദുബായുടെ അഭിമാനം ബുര്‍ജ് ഖലീഫയില്‍ ഏറ്റവുമധികം അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കിയിട്ടുള്ളവരില്‍ ഒരു മലയാളിയുമുണ്ട്. തൃശൂരുകാരനായ മണ്ണംപേട്ട സ്വദേശി ജോര്‍ജ് നെരേപ്പറമ്പിലാണ് ഈ അപൂര്‍വനേട്ടം കൈവരിച്ചത്. 11-ാം വയസില്‍ അച്ഛനോടൊപ്പം അടക്ക, കുരുമുളക്, കശുവണ്ടി തുടങ്ങിയവ സംഭരിച്ചുവിറ്റ് ബിസിനസ് തുടങ്ങിയ ജോര്‍ജ് ഇന്ന് ഇന്ത്യയിലും വിദേശത്തും നിരവധി ബിസിനസ് സംരഭങ്ങളും അധിപനാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാലിലെ പ്രധാന വ്യക്തഗത നിക്ഷേപകരിലൊരാളും അദ്ദേഹം തന്നെ. ബുര്‍ജ് ഖലീഫയില്‍ 25 അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും ജോര്‍ജ് പറയുന്നു

ബന്ധുവായ ഒരാളുടെ പരിഹാസം കലര്‍ന്ന തമാശയാണ് ഒരു വാശിയെന്നപോലെ ബുര്‍ജ് ഖലീഫയില്‍ ഏറ്റവുമധികം അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇരുവരും ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നില്‍ക്കവേ ഇതിനകത്ത് ഒന്നുകയറാന്‍ പോലും ജോര്‍ജിന് കഴിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. 2010ല്‍ ബുര്‍ജ് ഖലീഫയില്‍ അപ്പാര്‍ട്ട്മെന്റുകള്‍ വാടകയ്ക്ക് കൊടുക്കുന്നുവെന്ന പരസ്യം പിന്നീട് കണ്ടപ്പോള്‍ അന്നുതന്നെ കരാര്‍ ഉറപ്പിച്ച് പിറ്റേദിവസം തന്നെ താമസം അവിടേക്ക് മാറ്റി. പിന്നീട് ദുബായ് മെട്രോയിലെ ഒരു പ്രൊജക്ടില്‍ നിന്ന് ലഭിച്ച പണം ചിലവഴിച്ച് ആ അപ്പാര്‍ട്ട്മെന്റ് വിലയ്ക്ക് വാങ്ങി.

തൃശൂരിലെ രാഗം തീയറ്റര്‍ ഉള്‍പ്പെടെ ഇന്ന് 15ഓളം സ്ഥാപനങ്ങളാണ് ജിയോ ഗ്രൂപ്പിന് കീഴില്‍ ഇന്ത്യയിലും വിദേശത്തുമായി പ്രവര്‍ത്തിക്കുന്നത്. ആയിരത്തിലധികം ജീവനക്കാരുമുണ്ട്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് മുംബൈ വഴി നാട്ടിലേക്ക് പെട്ടെന്ന് വരേണ്ടിവന്ന യാത്രാ ക്ലേശമാണ് കൊച്ചി വിമാനത്താവളത്തിന്റെ മുഖ്യ നിക്ഷേപകരിലൊരാളാക്കി അദ്ദേഹത്തെ മാറ്റിയത്. 14 ശതമാനം ഓഹരികളുള്ള അദ്ദേഹം സര്‍ക്കാര്‍ കഴിഞ്ഞാല്‍ സിയാലില്‍ ഏറ്റവുമധികം നിക്ഷേപമുള്ള വ്യക്തിയാണ്. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉള്‍പ്പെടെ ഹെല്‍ത്ത്കെയര്‍ രംഗത്തും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ട്. ഒപ്പം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാംസ്കാരിക മേഖലയിലും നിറസാന്നിദ്ധ്യമാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button