Latest NewsKerala

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതി

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഫലപ്രദമായി തടയായാന്‍ വനിത ശിശു വകുപ്പിന്റെ ഭദ്രം പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, സ്‌കൂളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയും പോക്‌സോ ആക്ടിനെപ്പറ്റിയും അവബോധം നല്‍കുന്നതാണ് ഭദ്രം പദ്ധതി. ഈ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി 72.80 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്കെതിരെയുള്ള വിവിധ അതിക്രമങ്ങള്‍ തടയാനായി 2012ലെ പോക്‌സോ ആക്ട്, 2015ലെ ജുവനല്‍ ജസ്റ്റിസ് (കെയര്‍ & പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ട് എന്നിവയുണ്ടെങ്കിലും കുട്ടികള്‍ക്കെതിരെയുള്ള ചൂഷണം ദൈനംദിനം വര്‍ധിച്ചു വരികയാണ്. ഈയൊരവസ്ഥയിലാണ് ഭദ്രം പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് രൂപം നല്‍കിയത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ, സി.ബി.എസ്.ഇ., ഐ.സി.എസ്.സി. സ്‌കൂളുകളിലെയും കുട്ടികളുടെ ഇടയില്‍ പോസ്‌കോ നിയമത്തിന്റെ എല്ലാ വശങ്ങളേക്കുറിച്ചും ബാലാവകാശങ്ങളെ സംബന്ധിച്ചും ഈ പദ്ധതി പ്രകാരം ബോധവല്‍ക്കരണം നടത്തുന്നതാണ്.

സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ലക്ഷ്യ ഗ്രൂപ്പില്‍പ്പെടുന്ന ഒരു പ്രധാന വിഭാഗമാണ് ലൈംഗിക അതിക്രമങ്ങളില്‍പ്പെടുന്ന കുട്ടികള്‍. ശരിയായ അറിവില്ലായ്മയും പലവിധത്തിലുള്ള പ്രകോപനങ്ങളില്‍പ്പെടുന്നതും മൂലമാണ് കുട്ടികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. മികച്ച രീതിയിവുള്ള ബോധവത്ക്കരണം നല്‍കി കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതു കൊണ്ടുള്ള ഭവിഷ്യത്തുകളും ഇത്തരത്തില്‍ പീഡനങ്ങള്‍ക്കിരയാകുന്ന കുട്ടികളും രക്ഷകര്‍ത്താക്കളും സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ചും കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സ്‌കൂള്‍ അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഇതു സംബന്ധിച്ച വേണ്ടത്ര അറിവ് നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. സ്‌കൂള്‍ കുട്ടികളില്‍ ലഹരി പദാര്‍ഥത്തിന്റെ ഉപയോഗം വളരെയധികം വര്‍ദ്ധിക്കുന്നതും അതിക്രമങ്ങള്‍ക്ക് കാരണമായി മാറാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു രാജ്യത്തിന്റെ തന്നെ നല്ല നാളെകളായ കുട്ടികളെ ഇത്തരം അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഭദ്രം പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്.

വിദ്യാഭ്യാസ വകുപ്പിന്റെയും വിവിധ സ്‌ക്കൂള്‍ മാനേജ്‌മെന്റുകളുടെയും സഹകരണത്തോടെ സ്‌കൂള്‍ കുട്ടികള്‍ക്ക് ജെ.ജെ. ആക്ട്, പോക്‌സോ ആക്ട് എന്നിവ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കൈപ്പുസ്തകം തയ്യാറാക്കി വിതരണം ചെയ്യുക, വിവിധതരം ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ സ്വീകരിക്കേണ്ട നിയമനടപടികളെക്കറിച്ച് അവബോധം സൃഷ്ടിക്കുക, ഇത്തരം കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളും അധ്യാപകരും നല്‍കേണ്ട സ്‌നേഹത്തിന്റെയും പരിഗണനയുടെയും ആവശ്യകത വ്യക്തമാക്കി നല്‍കുക, സംസ്ഥാനം കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിനും ഐ.സി.പി.എസ്. മുഖേന കുട്ടികള്‍ക്കു വേണ്ടി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അറിവ് നല്‍കുക, ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജില്ലാ ചെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ കീഴില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നതാണ്. സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, കാവല്‍ പ്രോജക്ട് കോ.ഓര്‍ഡിനേറ്റര്‍മാര്‍, ശരണബാല്യം- റസ്‌ക്യൂ ഓഫിസേഴ്‌സ്, ചൈല്‍ഡ് ലൈന്‍ – കൗണ്‍സിലര്‍മാര്‍, ഡി.സി.പി.യു. സോഷ്യല്‍ വര്‍ക്കര്‍മാര്‍, ഡി.സി.പി.ഒ. തയ്യാറാക്കിയിരിക്കുന്ന സോഷ്യല്‍ വര്‍ക്കര്‍ പാനലിലെ സോഷ്യല്‍ വര്‍ക്കര്‍മാര്‍, ചൈല്‍ഡ് വെല്‍ഫയര്‍ പോലീസ് ഓഫീസര്‍, പാനല്‍ ഓഫ് അഡ്വക്കേറ്റ്‌സ് എന്‍.ജി.ഒ. പ്രതിനിധികള്‍, സി.ഡി.പി.ഒ., അല്ലെങ്കില്‍ വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസേഴ്‌സ് എന്നിവര്‍ക്ക് പരിശീലനം നല്‍കിയാണ് ഈ പദ്ധതിയ്ക്കാവശ്യമായ റിസോഴ്‌സ് പാനല്‍ തയ്യാറാക്കുന്നത്.

സ്‌കൂള്‍ അധികൃതര്‍ക്കുള്ള നിയമപരമായ ഉത്തരവാദിത്വങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിലൂടെ കുട്ടികള്‍ കൃത്യമായി സ്‌കൂളില്‍ വരാതിരിക്കുക, കൊഴിഞ്ഞുപോക്ക് എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് മനസിലാക്കി കൊടുക്കുവാന്‍ സാധിക്കും. ഈ പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും വലിയ സ്വാധിനം ചെലുത്താന്‍ കഴിയുമെന്നും അതിലൂടെ ലൈംഗികാതിക്രമങ്ങള്‍ വളരെയധികം കുറയ്ക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button