ലക്നൗ: ഹനുമാനെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ ബിജെപിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാറാണ് ബിജെപിയുടെ ഹനുമാന് പരാമര്‍ശങ്ങള്‍ അവസാനിപ്പക്കണമെന്ന് കടുത്ത മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ഹനുമാന് സ്വാമിയെക്കുറിച്ച് ഇഷ്ടത്തിന് നിരക്കാത്ത പരാമര്‍ശങ്ങള്‍ നടത്തി അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വിയേറ്റ് വാങ്ങിയെന്നും രാജ് ബബ്ബാര്‍ വിമര്‍ശിച്ചു.
ഇനിയും ഹനുമാനെ നിങ്ങള്‍ ബുദ്ധിമുട്ടിക്കരുത്. ഹനുമാന് സ്വാമി വാലൊന്ന് വീശിയപ്പോള്‍ നിങ്ങള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ തോറ്റു. ഇനി ഈ കളി കളിച്ചാല്‍ നിങ്ങളുടെ ലങ്ക തന്നെ ചാമ്പലാക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബിജെപിക്ക് മുന്നറിയിപ്പ് നല്കി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥാണ് ഹനുമാനെ കുറിച്ചുള്ള പ്രസ്താവനകള്‍ക്ക് തുടക്കമിട്ടത്. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹനുമാന് ദളിതനായിരുന്നുവെന്നാണ് ആദിത്യനാഥ് പരാമര്‍ശിച്ചത്. വാദം പിന്‍വലിക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല. ഇതിന് ചുവട് പിടിച്ച് ബിജെപി നേതാക്കള്‍ ഹനുമാന് മുസ്ലിം ആണെന്നും കായിക താരമാണെന്നുമൊക്കെ പ്രസ്താവനകള്‍ നടത്തി.
റഹ്മാന്, റംസാന്, ഫര്മാന്, സിഷാന്, ഖുര്ബാന് തുടങ്ങിയ പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ടെന്നും ഈ പേരുകളെല്ലാം ഉരുത്തിരിഞ്ഞത് ഹനുമാനില്‍ നിന്നാണെന്നുമായിരുന്നു എന്നൊക്കെ അവര്‍ പറഞ്ഞുവെന്ന് ബുക്കല്‍ നവാബ് മാധ്യമങ്ങളോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.
Post Your Comments