ന്യൂഡല്‍ഹി: ഏതു പൗരന്റെയും സ്വകാര്യവിവരങ്ങള്‍ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. കമ്പ്യൂട്ടറിലെയും മൊബൈല്‍ ഫോണിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും പത്തു സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കി പുറപ്പെടുവിച്ച ഉത്തരവ് പൗരസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുളള മൗലികാവകാശത്തിന് എതിരായ കടന്നാക്രമണമാണെന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
എന്നാല്‍ പുതിയ ഉത്തരവിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിന്റെ കാപട്യത്തിന്റെ തെളിവാണെന്ന് ബി.ജെ.പി ആരോപിച്ചു. 2013ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആര്‍.ടി.ഐ മറുപടിയാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിമാസം ശരാശരി 7500 മുതല്‍ 9000 വരെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. മുന്നൂറ് മുതല്‍ 500 വരെ ഇ മെയിലുകളും നിരീക്ഷിച്ചിരുന്നു. ടെലിഗ്രാഫ് നിയമപ്രകാരം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെയാണ് നിരീക്ഷണം നടത്തിയത്. നിരീക്ഷണത്തിന് അനുമതി നല്‍കിയിട്ടുള്ള 10 ഏജന്‍സികളുടെ പട്ടികയും മറുപടിയിലുണ്ട്. സുരക്ഷ പരിഗണിച്ച് മറ്റ് വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
Post Your Comments