ആലപ്പുഴ: രാത്രിയില്‍ യുവതി ഫോണ്‍ വഴി വിളിച്ചുവരുത്തിയ യുവാവിനെ ഒമ്പതംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണവും ഫോണും അപഹരിച്ചു. സംഭവത്തില്‍ രണ്ടു യുവതികളടക്കം ഏഴുപേരെ ചേര്‍ത്തല പൊലീസ് അറസ്റ്റുചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്. ആലപ്പുഴ സ്വദേശി അഖിലിനെയാണ് സംഘം തട്ടിക്കൊണ്ടു പോയത്.
Read Also: എക്‌സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം, ഉച്ചകഴിഞ്ഞ് എന്തും സംഭവിക്കാം: ഷോണ്‍ ജോര്‍ജ്
ആലുവ ചൂര്‍ണിക്കര തായ്ക്കാട്ടുകര പഴയപറമ്പ് അബ്ദുള്‍ജലീല്‍(32), തായ്ക്കാട്ടുകര ബാര്യത്തുവീട്ടില്‍ ജലാലുദ്ദീന്‍(35), തായ്ക്കാട്ടുകര മാഞ്ഞാലിവീട്ടില്‍ മുഹമ്മദ് റംഷാദ്(25), തായാക്കാട്ടുകര നച്ചത്തള്ളാത്ത് വീട്ടില്‍ ഫൈസല്‍(32), പള്ളുരുത്തി കല്ലുപുരക്കല്‍ വീട്ടില്‍ അല്‍ത്താഫ്(20), കൊല്ലം കരുനാഗപള്ളി ശിവഭവനം വീട്ടില്‍ കല്ല്യാണി(20), പാലക്കാട് വാണിയംകുളം കുന്നുംപറമ്പ് വീട്ടില്‍ മഞ്ജു(25)എന്നിവരാണ് പിടിയിലായത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇപ്രകാരമാണ്. അഖിലും യുവതിയും തമ്മില്‍ സൗഹൃദത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ അഖില്‍ യുവതിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതിലുള്ള പ്രകോപനമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമായത്. യുവതി കൂട്ടുകാരുമായി ആലോചിച്ച് തന്ത്രപരമായി അഖിലിനെ രാത്രിയില്‍ ചേര്‍ത്തല റെയില്‍വെ സ്റ്റേഷന് സമീപത്തേയ്ക്ക് വിളിച്ചുവരുത്തി. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയി എറണാകുളം കാക്കനാട് വെച്ച് മര്‍ദ്ദിച്ചത്.
പഴ്‌സിലുണ്ടായിരുന്ന 3500രൂപയും ഫോണും കവര്‍ന്ന ശേഷം അവശനായ അഖിലിനെ വഴിയില്‍ ഇറക്കിവിട്ടു. ഡിസംബര്‍ 23ന് പുലര്‍ച്ചെ 2.30നായിരുന്നു സംഭവം.
Post Your Comments