പമ്പ•ശബരിമല ദര്‍ശനത്തിനെത്തിയ മനിതി കൂട്ടായ്മയിലെ 11 പേരടങ്ങിയ ആദ്യ സംഘത്തെ പ്രതിഷേധക്കാര്‍ പമ്പയില്‍ തടഞ്ഞു. തുടര്‍ന്ന് യുവതികള്‍ പമ്പയില്‍ കുത്തിയിരിക്കുകയാണ്. എന്തുവന്നാലും പിന്മാറില്ലെന്ന നിലപാടിലാണ് യുവതികള്‍.
മനിതി സംഘവുമായി പോലീസ് ചര്‍ച്ച നടത്തി വരികയാണ്. സംഘര്‍ഷ സാധ്യത പോലീസ് സംഘത്തെ അറിയിച്ചു. പോലീസ് സംരക്ഷണം നല്‍കിയാല്‍ മുന്നോട്ട് പോകുമെന്ന നിലപാടിലാണ് യുവതികള്‍.
അതേസമയം, കൂടുതല്‍ പ്രതിഷേധക്കാര്‍ പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. ഇടുക്കിയിലും കോയമ്പത്തൂരിലും ഉയര്‍ന്ന പ്രതിഷേധം മറികടന്നാണ് റോഡ് മാര്‍ഗം പൊലീസ് സുരക്ഷയില്‍ എത്തുന്ന സംഘം കേരളത്തില്‍ പ്രവേശിച്ചത്.
കമ്പംമേട്ട് ചെക്ക്പോസ്റ്റ് വഴിയാണ് യുവതികളുടെ സംഘം കേരളത്തില്‍ പ്രവേശിച്ചത്. മനിതി കൂട്ടായ്മയിലെ വനിതകള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കട്ടപ്പനയിലെ പാറപ്പുറത്ത് വച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് യാത്ര തുടരാനായത്.
11 അംഗ സംഘത്തിലെ ആറുപേരാണ് ദര്‍ശനം നടത്തുന്നത്. മറ്റുള്ളവര്‍ സഹായത്തിന് എത്തിയതാണെന്നും എല്ലാവരും വിശ്വാസികളാണെന്നും സംഘ പ്രതിനിധി സെല്‍വി അറിയിച്ചു. പൂജാരിമാര്‍ കെട്ടുനിറയ്ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് യുവതികള്‍ സ്വയം കെട്ടുനിറയ്ക്കുകയായിരുന്നു.
Post Your Comments