ശബരിമല : ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തിന് പോലീസ് ഔദ്യോഗികമായി സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് അറിയിച്ചാൽ മടങ്ങി പോകുമെന്ന് സംഘം പ്രതിനിധി സെല്‍വി വ്യക്തമാക്കി. ഇത്തരത്തിൽ സുരക്ഷ നൽകില്ലെന്ന ഔദ്യോഗിക അറിയിപ്പ് നൽകിയാൽ അത് കോടതി അലക്ഷ്യമാകും എന്നുള്ളതുകൊണ്ട് പോലീസ് ഔദ്യോഗികമായി ഒന്നുംതന്നെ പറയാൻ തയ്യാറായിട്ടില്ല.
സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോയേക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പതിനൊന്ന് പേർക്ക് സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടുണ്ടെന്നതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം പോലീസ് എടുത്തത്. എന്നാൽ തിരിച്ചുപോകാൻ മനിതി സംഘത്തോട് പോലീസ് ആവശ്യപ്പെടുകയില്ല. സ്വയം മടങ്ങിപ്പോകുന്നതുവരെ കാത്തിരിക്കാനാണ് പോലീസ് തീരുമാനം.
തമിഴ്‌നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. പതിനൊന്നംഗ സംഘമാണ് പമ്പയിലെത്തിയത്. ഇവരില്‍ ആറുപേര്‍ മാത്രമേ പതിനെട്ടാംപടി കയറുവെന്ന് മനിതി പ്രതിനിധി സെല്‍വി വ്യക്തമാക്കി. മറ്റുള്ളവര്‍ സഹായത്തിന് എത്തിയതാണെന്നും എല്ലാവരും വിശ്വാസികളാണെന്നും സെല്‍വി അറിയിച്ചു.
Post Your Comments