തിരുവനന്തപുരം : ആർ. സി. സിയിൽ സംസ്ഥാന സർക്കാരിന്റെ 187 കോടി രൂപ ചെലവിൽ നിർമിക്കുന്ന 14 നില കെട്ടിടത്തിൽ ഒരുക്കുക കാൻസർ ചികിത്‌സയ്ക്കുള്ള അത്യാധുനിക സംവിധാനങ്ങൾ. 281673 ചതുരശ്രഅടി വിസ്തീർണം പുതിയ കെട്ടിടത്തിനുണ്ടാവും.
കെട്ടിടത്തിന്റെ ശിലാസ്ഥാപനം 26ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റേഡിയോ തെറാപ്പി, ന്യൂക്ലിയർ മെഡിസിൻ, ബ്‌ളഡ് ബാങ്ക്, ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ്, ഓപ്പറേഷൻ തിയേറ്ററുകൾ, വാർഡുകൾ, ഇന്റൻസീവ് കെയർ യൂണിറ്റുകൾ, ലുക്കീമിയ വാർഡ് എന്നിവ പുതിയ കെട്ടിടത്തിൽ സജ്ജീകരിക്കും.
രണ്ടു നിലകളിൽ വാഹന പാർക്കിംഗ് സൗകര്യവുമുണ്ടാവും. നിലവിൽ ആർ. സി. സിയിലുള്ള കിടക്കകൾക്കു പുറമെ 250 കിടക്കകൾ കൂടി പുതിയ കെട്ടിടത്തിൽ ഒരുക്കും. രോഗികളുടെ കാത്തിരിപ്പ് കുറയ്ക്കാനും കാര്യക്ഷമമായ സേവനം ലഭ്യമാക്കാനും ഇത് സഹായിക്കും. സൗരോർജം പരമാവധി ഉപയോഗിച്ചും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുമാവും കെട്ടിടം നിർമിക്കുക. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സജ്ജീകരിക്കും.
ശിലാസ്ഥാപന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. കെ. ശൈലജ അധ്യക്ഷത വഹിക്കും. ദേവസ്വം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായിരിക്കും. ശശിതരൂർ എം. പി മുഖ്യപ്രഭാഷണം നടത്തും.
Post Your Comments