ന്യൂഡല്‍ഹി : ഇത്തവണ ജി.എസ്.ടി യോഗത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജി.എസ്.ടി നിരക്കിളവ് പ്രഖ്യാപിച്ച സാധനങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ .
ജി.എസ്.ടി കൗണ്‍സിലിന്റെ 31-)മത് യോഗമാണ് ഡല്‍ഹിയില്‍ നടന്നത്. മോണിട്ടര്‍ , ടിവി തുടങ്ങി നിരവധി സാധനങ്ങളുടെ വില പുതുക്കി നിശ്ചയിച്ചപ്പോള്‍ പച്ചക്കറിയുടെ നികുതി ഒഴിവാക്കി. ക്രാങ്ക് , ഗിയര്‍ ബോക്‌സ് തുടങ്ങിയവകളുടെ നികുതി 28 ല്‍ നിന്ന് 18 ശതമാനമാക്കി. 32 ഇഞ്ച് വരെയുള്ള മോണിട്ടറുകള്‍ക്കും ടിവിക്കും നികുതി 18 ശതമാനമാക്കി കുറച്ചു. പവര്‍ ബാങ്ക് , ഡിജിറ്റല്‍ ക്യാമറ, വീഡിയോ ക്യാമറ തുടങ്ങിയവകളേയും 18 ശതമാനം നികുതി സ്ലാബിലേക്ക് താഴ്ത്തി.
വികലാംഗര്‍ക്കുള്ള ഉപകരണങ്ങളുടെ പാര്‍ട്ട്‌സുകള്‍ക്ക് നികുതി 28 ല്‍ നിന്നും അഞ്ചാക്കി കുറച്ചു. കോര്‍ക്കുകള്‍ക്കും ഊന്നു വടികള്‍ക്കും നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. സംഗീത പുസ്തകങ്ങള്‍ക്ക് നികുതി ഒഴിവാക്കി.
പച്ചക്കറികള്‍ ശീതീകരിച്ചതോ കവറുകളില്‍ പാക്ക് ചെയ്തതോ ആയവകള്‍ക്ക് നികുതി ഒഴിവാക്കി. നേരത്തെ അഞ്ചു ശതമാനമായിരുന്നു നികുതി. നൂറു രൂപ വരെയുള്ള സിനിമ ടിക്കറ്റുകള്‍ക്ക് നികുതി നിരക്ക് 18 ല്‍ നിന്ന് 12 ആക്കി കുറച്ചു. നൂറു രൂപയ്ക്ക് മുകളില്‍ ഉള്ളതിന് നികുതി 28 ല്‍ നിന്ന് 18 ആക്കി.
ഗുഡ്‌സ് വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ജിഎസ്ടി 18 ല്‍ നിന്ന് 12 ശതമാനമാക്കി. ജനധന യോജന അക്കൗണ്ടുകളുടെ സേവനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ ജിഎസ്ടിയെ സംബന്ധിച്ച് അടുത്ത യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി അരുണ്‍ജയ്റ്റ്ലി വ്യക്തമാക്കി. അതേസമയം 33000 കോടി രൂപയുടെ നഷ്ടം ചൂണ്ടിക്കാട്ടി സിമന്റിന് നികുതി കുറയ്ക്കാനുള്ള നീക്കം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍ത്തു.
സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രളയസെസ് സംബന്ധിച്ച് തത്വത്തില്‍ ധാരണയായെങ്കിലും അന്തിമതീരുമാനം അടുത്ത യോഗത്തില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.
Post Your Comments