ചരക്ക് സേവന നികുതി വരുമാനത്തില്‍ റെക്കോഡ് വര്‍ധന. ഏപ്രില്‍ മാസത്തില്‍ 2.10 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരമത്യം ചെയ്യുമ്പോള്‍ 12.4 ശതമാനമാണ് വര്‍ധന. മാര്‍ച്ചില്‍ 1.78 ലക്ഷം കോടിയായിരുന്നു വരുമാനം. ഇതിനുമുമ്പ് കൂടുതല്‍ തുക ലഭിച്ചത് 2023 ഏപ്രിലിലായിരുന്നു. 1.87 ലക്ഷം കോടിയാണ് ലഭിച്ചത്.
ഏഴ് വര്‍ഷം മുമ്പ് 2017 ജൂലായില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയതിന് ശേഷം ലഭിച്ച ഉയര്‍ന്ന വരുമാനമാണിത്. ഇതാദ്യമായാണ് രണ്ട് ലക്ഷം കോടി മറികടക്കുന്നത്. ആഭ്യന്തര വ്യാപാരത്തില്‍ 13.4 ശതമാനവും ഇറക്കുമതി ഇനത്തില്‍ 8.3 ശതമാനവുമാണ് വളര്‍ച്ച. ഇതോടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ശരാശരി പ്രതിമാസ വരുമാനം 1.68 ലക്ഷം കോടിയായി. മുന്‍ വര്‍ഷമാകട്ടെ 1.51 ലക്ഷം കോടി രൂപയുമായിരുന്നു.
റീഫണ്ടുകള്‍ കണക്കാക്കിയശേഷം ഏപ്രിലിലെ അറ്റ വരുമാനം 1.92 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 15.5 ശതമാനം വര്‍ധന. ജിഎസ്ടി വരുമാന വളര്‍ച്ചയുടെ കാര്യത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 37,671 കോടി രൂപ. 13 ശതമാനമാണ് വളര്‍ച്ച.
ഉത്തര്‍പ്രദേശ് 12,290 കോടി രൂപയും തമിഴ്‌നാട് 12,210 കോടി രൂപയും ഹരിയാന 12,168 കോടിയും സമാഹരിച്ചു. കേരളത്തിന് ലഭിച്ചത് 3272 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനമാണ് വര്‍ധനയാണ് ഇത്. സമ്പദ്‌വ്യസ്ഥയിലെ മുന്നേറ്റവും കാര്യക്ഷമമായ നികുതി പിരിവുമാണ് റെക്കോഡ് വരുമാനം നേടാന്‍ സഹായിച്ചത്.
Post Your Comments