ന്യൂഡല്‍ഹി: മകളെ പീഡിപ്പിച്ച കേസില്‍ പത്ത് വര്‍ഷം തടവുശിക്ഷ അനുഭവിച്ച പിതാവിനെ കുറ്റ വിമുക്തനാക്കി ഹൗക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇയാള്‍ മരിച്ച് പത്ത മാസത്തിനു ശേഷമാണ് വിധി വന്നത്. കേസന്വേഷണവും വിചാരണക്കോടതിയുടെ സമീപനവും പൂര്‍ണമായി തെറ്റായിരുന്നുവെന്ന് കോടതി കണ്ടെത്തി. ജസ്റ്റിസ് ആര്‍.കെ. ഗൗബയാണ് വിധി പ്രസ്താവിച്ചത്.
തന്റെ 16 വയസ്സുള്ള മകളെ ഒരു ചെറുപ്പക്കാരന്‍ തട്ടിക്കൊണ്ടു പോയി എന്ന് കാണിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ഈ കേസില്‍ അന്വേഷണമൊന്നും നടത്തിയില്ല. പിന്നീട് 1996ല്‍ മകള്‍ പിതാവിനെതിരെ നല്‍കിയ പീഡന പരാതിയില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 1991 മുതല്‍ പിതാവ് തന്നെ പീഡിപ്പിച്ചിരുന്നു വെന്നായിരുന്നു മകളുടെ ആരോപണം. പരാതി നല്‍കുന്ന സമയത്ത് പെണ്‍കുട്ടി ഗര്‍ഭണിയായിരുന്നു. തന്റെ ഗര്‍ഭത്തിന് ഉത്തരവാദി സ്വന്തം പിതാവാണെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. എന്നാല്‍, ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്ന പിതാവിന്റെ ആവശ്യം പൊലീസോ കോടതിയോ പരിഗണിച്ചില്ല.
എന്നാല്‍ മകള്‍ പിതാവിനെതിരെ നല്‍കിയ പരാതിക്കെതിരെ പെണ്‍കുട്ടിയുടെ അമ്മയും സഹോദരങ്ങളും രംഗത്തെത്തിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. അതേസമയം കേസിന്റെ തുടക്കം മുതല്‍ ഏകപക്ഷീയമായിരുന്നു പ്രോസിക്യൂഷന്റെയും വിചാരണക്കോടതിയുടെയും നടപടികളെന്നും കോടതിക്കു മുന്നിലെത്തിയ ഒട്ടേറെ വസ്തുതകള്‍ വിലയിരുത്തപ്പെട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ആരോപണ വിധേയനായ ആള്‍ മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ നിരപരാധിത്വം തെളിയിക്കാനായി ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ അവതരിപ്പിച്ച കഥ വിചാരണക്കോടതി കണ്ണടച്ച് അംഗീകരിക്കുകയായിരുന്നുവെന്നു ഹൈക്കോടതി കുറ്റപ്പെടുത്തി.
Post Your Comments