ന്യൂഡല്‍ഹി: 1984ലെ സിഖ് വംശഹത്യ കേസില്‍ ഡല്‍ഹി ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ പാട്യാല കോടതിയില്‍ വീണ്ടും ഹാജരാക്കി. സുല്‍ത്താന്‍പുരിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിന്റെ വിചാരണക്കായാണ് സജ്ജന്‍കുമാര്‍ ഹാജരായത്.
1984 നവംബര്‍ ഒന്നിന് ഡല്‍ഹി കന്റോണ്‍മെന്റിലെ രാജ് നഗറില്‍ ഒരു കുടുംബത്തിലുള്ള കേഹാര്‍ സിങ്, ഗുര്‍പ്രീത് സിങ്, രഘുവേന്ദര്‍ സിങ്, നരേന്ദര്‍ പാല്‍ സിങ്, കുല്‍ദീപ് സിങ് എന്നിവരെയാണ് സജ്ജന്‍ കുമാറും സംഘവും കൂട്ടക്കൊല ചെയ്തത്. ജസ്റ്റിസ് നാനാവതി കമീഷന്‍ ശുപാര്‍ശ പ്രകാരം 2005ലാണ് 1984ല്‍ നടന്ന കുറ്റകൃത്യത്തിന്റെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഈ കേസിലാണ് സജ്ജന്‍കുമാറിനെ ഡല്‍ഹി ഹൈകോടതി കഴിഞ്ഞ ദിവസം ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നടന്ന സിഖ് കൂട്ടക്കൊലയില്‍ 3000ത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. 34 വര്‍ഷത്തിനു ശേഷമാണ് ഇരകള്‍ക്ക് നീതി ലഭിക്കുന്നത്.
മനുഷ്യ രാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങളും വംശഹത്യയുമൊന്നും ഇതുവരെ നമ്മുടെ നിയമ നടപടിയുടെ ഭാഗമായിട്ടില്ലെന്ന് സിഖ് കലാപക്കേസില്‍ വിധി പ്രഖ്യാപിച്ച ശേഷം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ലോകവ്യാപകമായി നടന്ന കൂട്ട കുരുതികളെ കുറിച്ചും പരാമര്‍ശിച്ചു. ഇത്തരം കുറ്റവാളികള്‍ക്ക് വിചാരണ നടപടികളില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ രാഷ്ട്രീയ പരിരക്ഷ ലഭിക്കുന്നുണ്ടെന്നും നമ്മുടെ നിയമ വ്യവസ്ഥ കൂടുതല്‍ ശക്തമാകേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments