KeralaLatest News

സ്ത്രീകള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് പിന്തുണ പ്രഖ്യാപിച്ചത് ; വനിതാ മതിലിൽനിന്ന് മഞ്ജു വാര്യർ പിന്മാറി

തിരുവനന്തപുരം: സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണ അറിയിച്ച നടി മഞ്ജു വാര്യര്‍ സംഭവം വിവാദമായതോടെ സ്വന്തം നിലപാട് വ്യക്തമാക്കി. വനിതാ മതിലിന്‍റെ പേജിലാണ് മഞ്ജുവിന്‍റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. വിഷയം ചർച്ചയായതോടെ സ്ത്രീകള്‍ക്കു വേണ്ടിയുള്ളസര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതിലിന് പിന്തുണ പ്രഖ്യാപിച്ചതെന്നും പക്ഷേ വനിതാമതിലിന് രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും അറിവില്ലായ്മ കൊണ്ടുണ്ടായതാണെന്നും മഞ്ജു ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്.

ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ ഏത് പാര്‍ട്ടികളുടെ പേരിലായാലും രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനിൽക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button