Latest NewsIndia

റാഫേല്‍ ഇടപാട്; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കേന്ദ്രസര്‍ക്കാരിന് ആശ്വാസമേകുന്ന വിധി കോണ്‍ഗ്രസിന് ക്ഷീണവുമായി.
യുദ്ധവിമാനം വാങ്ങാനുള്ള തീരുമാനം എടുത്ത പ്രക്രിയയിലോ, വിമാനത്തിന്റെ വില നിശ്ചയിച്ചതിലോ, ഇടപാടിലെ ഇന്ത്യന്‍ ഓഫ്‌സെറ്റ് പങ്കാളിയെ നിശ്ചയിച്ചതിലോ ജുഡിഷ്യല്‍ പരിശോധനയ്‌ക്കുള്ള വിപുലമായ അധികാരങ്ങള്‍ ഉപയോഗിച്ച്‌ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. ഈ മൂന്ന് കാര്യങ്ങളിലാണ് ഹര്‍ജിക്കാര്‍ ക്രമക്കേട് ആരോപിച്ചിരുന്നത്. എന്നാല്‍ പ്രതിരോധ ഇടപാടുകളിലും ഗവണ്‍മെന്റുകള്‍ തമ്മിലുള്ള കരാറുകളിലും ജുഡിഷ്യല്‍ പരിശോധനയ്‌ക്ക് പരിമിതിയുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തോട് കോടതിയും യോജിക്കുകയായിരുന്നു. തീരുമാനത്തിന്റെ നടപടിക്രമങ്ങളില്‍ സംതൃപ്തരാണെന്നും സംശയിക്കാന്‍ ഒരു സാഹചര്യവുമില്ലെന്നും നേരിയ വ്യതിയാനങ്ങളുണ്ടെങ്കില്‍ പോലും കരാര്‍ റദ്ദാക്കാനോ സൂക്ഷ്‌മ പരിശോധനയ്ക്ക് വിധേയമാക്കാനോ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസ്‌മാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവര്‍ എകകണ്ഠമായാണ് വിധി പറഞ്ഞത്. വ്യക്തികളുടെ കാഴ്ചപ്പാടുകളെ ആധാരമാക്കി പ്രതിരോധ ഇടപാട് പോലുള്ള സുപ്രധാന വിഷയങ്ങള്‍ കോടതിക്ക് പരിശോധിക്കാനാവില്ലെന്ന് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി തയാറാക്കിയ വിധിയില്‍ പറയുന്നു. ഇടപാടിനെ പറ്റി കോടതി മേല്‍നോട്ടത്തിലുള്ള സി.ബി.ഐഅന്വേഷണമോ എസ്.ഐ.ടി അന്വേഷണമോ ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അഭിഭാഷകരായ എം.എല്‍ ശര്‍മ്മ, വിനീത ധന്‍ഡെ, പ്രശാന്ത് ഭൂഷണ്‍ , മുന്‍കേന്ദ്രമന്ത്രിമാരും വിമത ബി.ജെ.പി നേതാക്കളുമായ അരുണ്‍ഷൂരി, യശ്വന്ത് സിന്‍ഹ, ആംആദ്മി എം.പി സഞ്ജയ് സിംഗ് എന്നിവരാണ് ഹര്‍ജിക്കാര്‍.

ഫ്രഞ്ച് കമ്ബനിയായ ദസാള്‍ട്ടില്‍ നിന്ന് 126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്ക് പകരം 36 വിമാനങ്ങള്‍ മാത്രം വാങ്ങാന്‍ മോദി സര്‍ക്കാരുണ്ടാക്കിയ കരാറിലും അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഓഫ്സെറ്റ് പങ്കാളിയാക്കിയതിലും അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. റിലയന്‍സ് ഡിഫന്‍സിനെ നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വേ ഒലാന്ദ് പറഞ്ഞത് ഹര്‍ജിക്കാര്‍ അടിസ്ഥാനമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button